നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് അതിവേഗ അപ്പീലിനൊരുങ്ങി സർക്കാർ

വിചാരണക്കോടതി വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്

Dec 15, 2025 - 14:19
Dec 15, 2025 - 14:20
 0
നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് അതിവേഗ അപ്പീലിനൊരുങ്ങി സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ അതിവേഗ അപ്പീൽ നീക്കവുമായി രംഗത്ത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള നടപടികൾ ഇന്ന് തന്നെ തുടങ്ങും. വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്തുകൊണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ ലഭിച്ചാൽ നിയമോപദേശം നൽകുമെന്ന് ഡി.ജി.പി. നേരത്തെ അറിയിച്ചിരുന്നു.
അപ്പീൽ സാധ്യതകൾ പരിശോധിച്ച് ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം. അതിജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവരുന്നുണ്ട്. വിചാരണക്കോടതി വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

പ്രോസിക്യൂഷൻ്റെ പ്രധാന വാദങ്ങൾ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയതായി വിധിന്യായത്തിൽ പറയുന്നു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് 'തീർത്താൽ തീരാത്ത ശത്രുത' ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ല. അതിജീവിതയുടെ സിനിമാ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്ന ആരോപണം തെളിയിക്കാനായില്ല. നടി വർഷത്തിൽ രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നുവെന്നും അവസരം നിഷേധിച്ച പ്രോജക്ടുകൾ കോടതിമുറിയിൽ സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിധിന്യായത്തിൽ പറയുന്നു. കാവ്യ മാധവനുമായുള്ള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് കാരണം എന്ന വാദം തെളിയിക്കാനായില്ല. ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രം കടുത്ത ശത്രുതയ്ക്ക് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴി വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി.

ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളിലെ പാട്ടുരംഗങ്ങളുടെ റിഹേഴ്സൽ നടന്നിട്ടും സംസാരിച്ചില്ല എന്ന പ്രോസിക്യൂഷൻ വാദം വിശ്വാസയോഗ്യമല്ല. 2012-ലെ യൂറോപ്യൻ സ്റ്റേജ് ഷോയുടെ കൊച്ചിയിലെ റിഹേഴ്സലിനിടെ ദിലീപ് ഭീഷണിപ്പെടുത്തി എന്നതിനും തെളിവില്ല. ഭീഷണിപ്പെടുത്തിയ കാര്യം നടി ആരോടും പറഞ്ഞിട്ടില്ല. നിരവധിപ്പേർ ഒപ്പമുണ്ടായിരുന്നിട്ടും സംഭവത്തിന് സാക്ഷികളില്ല. ഈ സംഭവത്തിന് ശേഷം ദിലീപിനൊപ്പം സന്തോഷത്തോടെ യൂറോപ്യൻ യാത്ര തുടർന്നുവെന്നും അസ്വാഭാവികമായി ഒന്നും സംഭവിച്ചെന്ന് കരുതാനാകില്ലെന്നും വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച സംഭവത്തിന് തൊട്ടുമുമ്പ് ശ്രീലക്ഷ്മി എന്ന സ്ത്രീയുമായി സംസാരിച്ച കാര്യത്തിൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്നും അവരെ സാക്ഷിപോലും ആക്കിയില്ലെന്നും വിധിന്യായത്തിൽ ഒരു പരാമർശം ഉണ്ടായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്നും, പൊലീസ് തങ്ങളുടെ മൊബൈൽ ഫോൺ അടക്കം പരിശോധിച്ചിരുന്നെന്നും പൾസർ സുനിയുടെ സുഹൃത്തായിരുന്ന ശ്രീലക്ഷ്മിയുടെ ഭർത്താവ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow