വിറ്റുപോയത് 75 ലക്ഷം ടിക്കറ്റുകള്‍; തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന്
കനത്ത മഴയും ജിഎസ്ടിയിലെ മാറ്റങ്ങളും വിൽപ്പനയെ ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ 27-ന് നടത്താനിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്

തിരുവനന്തപുരം: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന തിരുവോണം ബംപർ ടിക്കറ്റിന്റെ നറുക്കെടുപ്പും ഈ വർഷത്തെ പൂജാ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇന്ന് (ശനിയാഴ്ച) നടക്കും. ഗോർഖി ഭവനിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ധനമന്ത്രി കെ.എൻ.ബാലഗോപാൽ പൂജാ ബംപർ ടിക്കറ്റ് പ്രകാശനം ചെയ്യും. ഇതിന് ശേഷമാണ് 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബംപറിൻ്റെ നറുക്കെടുപ്പ് നടക്കുക. ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
കനത്ത മഴയും ജിഎസ്ടിയിലെ മാറ്റങ്ങളും വിൽപ്പനയെ ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ 27-ന് നടത്താനിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബംപറിനായി വിറ്റുപോയത്.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകൾ. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ പിന്തള്ളി, തൃശൂർ (9.37 ലക്ഷം ടിക്കറ്റുകൾ) വിൽപ്പനയിൽ രണ്ടാമതെത്തി. തിരുവനന്തപുരത്ത് 8.75 ലക്ഷം ടിക്കറ്റുകളും വിറ്റു. 500 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 25 കോടി രൂപ, രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പരമ്പരകൾക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പരമ്പരകൾക്ക്.
പൂജാ ബംപർ: വിശദാംശങ്ങൾ- ഒന്നാം സമ്മാനം: 12 കോടി രൂപ.ടിക്കറ്റ് വില: 300 രൂപ. അഞ്ച് പരമ്പരകളാണുള്ളത്. രണ്ടാം സമ്മാനം: 1 കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും. മൂന്നാം സമ്മാനം: 5 ലക്ഷം വീതം 10 പേർക്ക്. നാലാം സമ്മാനം: 3 ലക്ഷം വീതം 5 പരമ്പരകൾക്ക്. അഞ്ചാം സമ്മാനം: 2 ലക്ഷം വീതം 5 പരമ്പരകൾക്ക്. നറുക്കെടുപ്പ് നവംബർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
What's Your Reaction?






