വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമാണത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക

Jan 24, 2026 - 09:54
Jan 24, 2026 - 09:54
 0
വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ട നിർമാണത്തിന് ഇന്ന് തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയാകും. തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 

10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

ആകെ 10,000 കോടി രൂപ ചെലവ് വരുന്ന നിർമാണമാണ് വിഴിഞ്ഞം തുറമുഖത്ത് രണ്ടാം ഘട്ടത്തില്‍ നടക്കുന്നത്. 2015 ഡിസംബർ 5 നാണ് വിഴിഞ്ഞം തുറമുഖ നിർമാണം ആദ്യഘട്ടം ആരംഭിക്കുന്നത്. 2023 ഒക്ടോബർ 15- വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ, ചൈനീസ് ചരക്കുകപ്പൽ 'ഷെൻ ഹുവ 15എ' വിഴിഞ്ഞത്ത് എത്തി. 2024 ജൂലൈ 12 - ട്രയൽ റൺ ആരംഭിച്ചു, പിന്നാലെ സാൻ ഫർണാണ്ടോ കപ്പൽ വിഴിഞ്ഞത്തെത്തി. 2024 ഡിസംബർ 3 - വാണിജ്യാടിസ്ഥാനത്തിൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങി. 

2025 മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തു. 2025 ജൂൺ 09 ന് ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന' വിഴിഞ്ഞത്ത് എത്തി. 2025 സെപ്റ്റംബർ 23 ന് 500-മാത്തെ കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. 2025 ഡിസംബർ - ഒരു മാസം 1.21 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്ത് റെക്കോർഡ് നേട്ടവും കൈവരിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow