കപ്പല്‍ തീപിടിത്തം; രക്ഷപ്പെട്ട 18 പേരില്‍ രണ്ടുപേരുടെ നില ഗുരുതരം, നാലുപേരെ ഇനിയും കണ്ടെത്താനായില്ല
കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്നു 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്
കണ്ണൂർ: കേരള തീരത്തിനു സമീപത്തായി കടലിൽ തീപിടിച്ച കപ്പലിൽനിന്നു രക്ഷപ്പെട്ട 18 പേരിൽ രണ്ടു പേരുടെ നില ഗുരുതരമെന്നു വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല. മംഗളൂരുവിൽനിന്നും ബേപ്പൂരിൽനിന്നും രണ്ടു വീതം കപ്പലുകളാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയത്. കണ്ണൂർ അഴീക്കൽ തുറമുഖത്തുനിന്നു 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്.
മംഗളൂരുവിൽനിന്നു രക്ഷാപ്രവർത്തനത്തിനു പോയ കപ്പലിൽ ഡോക്ടർമാർ ഉൾപ്പെടെ ചികിത്സ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫിസർ അരുൺ കുമാർ പറഞ്ഞു. ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങളുള്ള വലിയ കപ്പലാണിത്. ബേപ്പൂർ തുറമുഖം ചെറുതായതിനാൽ കപ്പൽ അവിടേക്ക് അടുപ്പിക്കാൻ സാധിക്കില്ല.
അതിനാൽ മംഗളൂരുവിലേക്ക് തന്നെയായിരിക്കും ഈ കപ്പൽ തിരിച്ചുവരിക. സാരമായി പരുക്കേറ്റവരെ ഈ കപ്പലിലേക്ക് മാറ്റും. അപകട സ്ഥലത്തുനിന്നു മംഗളൂരുവിലെത്താൻ ഏകദേശം 5 മണിക്കൂർ വേണ്ടി വരും. ആളുകളെ രക്ഷിക്കുക എന്നതിനാണു പ്രഥമ പരിഗണന നൽകുന്നതെന്നും അരുൺ കുമാർ പറഞ്ഞു.
What's Your Reaction?

