ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണം: ഹൈക്കോടതി

പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്ന മുൻ ഉത്തരവില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്

Aug 13, 2025 - 22:05
Aug 13, 2025 - 22:06
 0
ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണം: ഹൈക്കോടതി

കൊച്ചി: ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി. ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശുചിമുറികൾ എല്ലാവർക്കും ഉപയോഗിക്കാനുള്ളതല്ലെന്ന മുൻ ഉത്തരവില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഉത്തരവ്.

അതേ സമയം, ഇത്തരം ശുചിമുറികൾക്കു മുൻപാകെ പൊതുശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്നും സംസ്ഥാന സർക്കാരിനും തിരുവനന്തപുരം കോർപറേഷനും കോടതി നിർദേശം നൽകി. തങ്ങളുടെ പമ്പുകളിലെ ശുചിമുറികൾ പൊതു ശുചിമുറികളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും നൽകിയ ഹർജിയാണ് കോടതി മുൻപാകെ ഉണ്ടായിരുന്നത്. പമ്പുകളിൽ ഇന്ധനമടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹർജിക്കാരുടെ വാദം.

ദേശീയപാതകളിലെ പെട്രോൾ പമ്പുകൾ തുറന്നിരിക്കുന്ന സമയത്തെല്ലാം പൊതുജനങ്ങൾക്ക് അവിടുത്തെ ശുചിമുറി ഉപയോഗിക്കാം. അല്ലാത്ത സ്ഥലങ്ങളിൽ ഇന്ധനം അടിക്കാനെത്തുന്നവർക്കും വാഹന യാത്രക്കാർക്കും ഈ സൗകര്യം ഉണ്ടായിരിക്കണം. സുരക്ഷാ പ്രശ്നങ്ങളില്ലെങ്കിൽ ഇത്തരത്തിലുള്ള ശുചിമുറി ഉപയോഗം പമ്പുടമകൾ തടയരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow