തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെയാണ് ശങ്കരദാസിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സെല്ലിൽ ചികിത്സയിൽ ആയിരുന്നു ശങ്കർദാസ്.
ഹൈക്കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് മാറ്റം. ഇനിയുള്ള ചികിത്സ സെന്‍ട്രല്‍ ജയിലില്‍ തുടരാനാണ് തീരുമാനം. വൈകിട്ട് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.
കേസിലെ 11ാം പ്രതിയാണ് കെപി ശങ്കരദാസ്. ജയിലിലെ മെഡിക്കൽ ഓഫീസര്‍ രേഖകള്‍ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് ജയിലിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമായിരുന്നു ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സ്വകാര്യ ആശുപത്രിയിലെത്തി ശങ്കര്‍ദാസിനെ റിമാന്‍ഡ് ചെയ്തത്.