കലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആറ് ദിവസത്തിന് ശേഷം
ഹൈപ്പർലൂപ്പിനായുള്ള 'മൈക്രോചാനൽ കൂളിങ് സിസ്റ്റം' വികസിപ്പിച്ച് പേറ്റന്റ് നേടിയ പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം
കലിഫോർണിയ: യുഎസിലെ കലിഫോർണിയ യൂണിവേഴ്സിറ്റിയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ (22) ആണ് മരിച്ചത്. ഫെബ്രുവരി 9 മുതൽ സാകേതിനെ കാണാനില്ലായിരുന്നു. മൃതദേഹം കണ്ടെത്തിയ വിവരം സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു.
ഐഐടി മദ്രാസിലെ പൂർവ വിദ്യാർഥിയായ സാകേത്, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളികുലാർ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു. ഹൈപ്പർലൂപ്പിനായുള്ള 'മൈക്രോചാനൽ കൂളിങ് സിസ്റ്റം' വികസിപ്പിച്ച് പേറ്റന്റ് നേടിയ പ്രതിഭകളിൽ ഒരാളായിരുന്നു അദ്ദേഹം. കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി 9) മുതലാണ് സാകേതിനെ കാണാതായത്. ക്യാംപസിന് ഒരു കിലോമീറ്റർ അകലെയാണ് അവസാനമായി കണ്ടത്. തിരച്ചിലിനിടെ ടിൽഡൻ റീജിയണൽ പാർക്കിന് സമീപമുള്ള ഒരു വീടിന് അടുത്തുനിന്ന് സാകേതിന്റെ പാസ്‌പോർട്ടും ലാപ്ടോപ്പും അടങ്ങിയ ബാഗ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിനൊടുവിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. യുഎസിലെ ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യാൻ പ്രത്യേക ബോധവൽക്കരണ സെഷനുകൾ നടത്തിവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
What's Your Reaction?



