ഇന്ന് മഹാശിവരാത്രി: ആലുവ മണപ്പുറം ഭക്തിസാന്ദ്രം; ബലിതർപ്പണം ഇന്ന് അർധരാത്രി മുതൽ, വിപുലമായ സൗകര്യങ്ങൾ
ശിവരാത്രി ഞായറാഴ്ചയായതിനാൽ ഇത്തവണ മൂന്ന് ദിവസം ബലിതർപ്പണത്തിന് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്
കൊച്ചി: പിതൃപുണ്യത്തിന്റെ നിറവിൽ മഹാശിവരാത്രി ആഘോഷിക്കാൻ ആലുവ മണപ്പുറം ഒരുങ്ങി. ഇന്ന് (ഞായറാഴ്ച) അർധരാത്രിയോടെ ബലിതർപ്പണ ചടങ്ങുകൾ ഔദ്യോഗികമായി ആരംഭിക്കും. അവധി ദിനമായതിനാൽ ഇത്തവണ ലക്ഷക്കണക്കിന് ഭക്തർ പെരിയാറിന്റെ തീരത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശിവരാത്രി ഞായറാഴ്ചയായതിനാൽ ഇത്തവണ മൂന്ന് ദിവസം ബലിതർപ്പണത്തിന് തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇന്ന് അർധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാൽ ബലിതർപ്പണം ഔദ്യോഗികമായി തുടങ്ങും. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാം. ചൊവ്വാഴ്ച കുംഭമാസത്തിലെ അമാവാസിയായതിനാൽ അന്നേ ദിവസം 'വാവുബലി' തർപ്പണവും നടത്താവുന്നതാണ്.
116 ബലിത്തറകളാണ് ദേവസ്വം ബോർഡ് സജ്ജമാക്കിയിരിക്കുന്നത്. ബലിതർപ്പണത്തിന് 100 രൂപയാണ് ബോർഡ് നിശ്ചയിച്ചിട്ടുള്ള നിരക്ക്. ഭക്തർക്കായി ദേവസ്വം ബോർഡ് 2 കോടി രൂപയുടെയും നഗരസഭ ഒരു കോടി രൂപയുടെയും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായി (ഗ്രീൻ പ്രോട്ടോക്കോൾ) ആണ് ആഘോഷങ്ങൾ നടക്കുന്നത്. ഉറക്കമൊഴിയുന്ന ഭക്തർക്കായി അന്നദാനവും ഒരുക്കിയിട്ടുണ്ട്.
ഇന്ന് വൈകീട്ട് 4 മണി മുതൽ തിങ്കളാഴ്ച പകൽ 2 മണി വരെ ആലുവ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. 1500 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. കെ.എസ്.ആര്‍.ടി.സി 210 സ്പെഷ്യൽ ബസുകൾ സർവീസ് നടത്തും. കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രി പ്രത്യേക ട്രെയിൻ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുഴയോരത്തെ സുരക്ഷയ്ക്കായി ഫയർഫോഴ്സും സ്കൂബാ ഡൈവിംഗ് ടീമും മണപ്പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
What's Your Reaction?



