കഴക്കൂട്ടം സി.പി.എം ഏരിയ കമ്മിറ്റി അംഗം മേടയിൽ വിക്രമൻ രാജി സമർപ്പിച്ചതായി റിപ്പോർട്ട്
വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഏരിയ കമ്മിറ്റിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതെന്നും പാർട്ടിയുടെ കീഴ്‌ഘടകമായ ബ്രാഞ്ചിൽ തുടർന്ന് പ്രവർത്തിക്കുമെന്നും മേടയിൽ വിക്രമൻ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു

കഴക്കൂട്ടം: തിരുവനന്തപുരം നഗരസഭയുടെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ മേടയിൽ വിക്രമൻ ഏരിയ കമ്മിറ്റിയിൽ നിന്നും രാജി സമർപ്പിച്ചതായി റിപ്പോർട്ട്. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിലാണ് രാജി സമർപ്പിച്ചതായി ലഭിക്കുന്ന വിവരം.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുമായുള്ള ഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് ന്യൂസ് 18 റിപ്പോർട്ട് ചെയ്തത്. സി.പി.ഐ യിൽ നിന്നും കുറച്ചുപേർ അടുത്തിടെ സി.പി.എമ്മിൽ വന്നിരുന്നു, അതിൽ രണ്ടുപേരെ (അശോകൻ, അജയൻ) ഇന്ന് ചേർന്ന യോഗത്തിൽ ഏരിയ കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുത്തു. ഇരുവരും സി.പി.ഐ യുടെ മണ്ഡലം നേതാക്കളായിരുന്നു.
ഈ തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി കിട്ടിയതായി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഇന്നത്തെ യോഗത്തിൽ റിപ്പോർട്ട് ചെയ്തിരുന്നതായും ഇതേത്തുടർന്നാണ് മേടയിൽ വിക്രമൻ തന്റെ എതിർപ്പ് പരസ്യമാക്കി രാജി സമർപ്പിച്ചതെന്നും ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
അതേസമയം വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ഏരിയ കമ്മിറ്റിയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചതെന്നും പാർട്ടിയുടെ കീഴ്‌ഘടകമായ ബ്രാഞ്ചിൽ തുടർന്ന് പ്രവർത്തിക്കുമെന്നും മേടയിൽ വിക്രമൻ ദ വോയിസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
What's Your Reaction?






