ശബരിമലയിൽ തിരക്ക് തുടരുന്നു: ഇന്നലെ 87,000-ത്തിലധികം ഭക്തർ ദർശനം നടത്തി, സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കും

മണിക്കൂറിൽ ശരാശരി 4,000 ഭക്തജനങ്ങൾക്ക് വരെ ദർശനം നൽകുന്നുണ്ട് എന്നാണ് കണക്ക്

Nov 27, 2025 - 11:40
Nov 27, 2025 - 11:41
 0
ശബരിമലയിൽ തിരക്ക് തുടരുന്നു: ഇന്നലെ 87,000-ത്തിലധികം ഭക്തർ ദർശനം നടത്തി, സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കും

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് ഭക്തജനങ്ങളുടെ വൻ തിരക്ക് തുടരുകയാണ്. സ്പോട്ട് ബുക്കിംഗ് പ്രതിദിനം 5,000 പേരായി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87,493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ 31,395 ആളുകളാണ് സന്നിധാനത്ത് എത്തിയത്. ഇപ്പോഴും വരിയിൽ ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. മണിക്കൂറിൽ ശരാശരി 4,000 ഭക്തജനങ്ങൾക്ക് വരെ ദർശനം നൽകുന്നുണ്ട് എന്നാണ് കണക്ക്.

ഇന്നലെ ദർശനത്തിനായുള്ള ക്യൂ മരക്കൂട്ടം വരെ നീണ്ടിരുന്നു. മണിക്കൂറുകളോളം കാത്തുനിന്നാണ് ഭക്തർ ദർശനം പൂർത്തിയാക്കി മടങ്ങുന്നത്. സന്നിധാനത്തെ അനിയന്ത്രിതമായ തിരക്ക് പരിഗണിച്ച്, നിലക്കലിൽ നിന്നും പമ്പയിൽ നിന്നും ബാച്ചുകളായി തിരിച്ചാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് നിയന്ത്രിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഓരോ ദിവസത്തെയും തിരക്കിന് അനുസരിച്ച് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിന് അനുമതി നൽകിയിട്ടുണ്ട്.

ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട് ബുക്കിംഗ് അനുവദിക്കുന്നവരുടെ എണ്ണം തീരുമാനിക്കുന്നത്. ദേവസ്വം പ്രസിഡൻ്റ് കെ. ജയകുമാർ ഇന്ന് സന്നിധാനത്തെത്തും. കൂടാതെ, എരുമേലിയിലും ഇന്ന് സീസൺ അവലോകന യോഗം നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow