മുറിയിൽ കെട്ടിയിട്ട് ക്രൂര മർദനം; കാര്യവട്ടം ഗവ. കോളേജില്‍ നടന്നത് അതിക്രൂര റാഗിങ്
ഷര്‍ട്ട് വലിച്ചുകീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിട്ടത്തും അടിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജില്‍ നടന്നത് അതിക്രൂര റാഗിങ്ങെന്ന് റിപ്പോർട്ട്. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് സംഭവത്തിൽ കഴക്കൂട്ടം പോലീസിനും കോളേജ് പ്രിൻസിപ്പലിനും പരാതി നൽകിയത്.
തന്നെ മര്‍ദിച്ചത് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരായ സീനിയേഴ്‌സാണെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മൂന്നാം വർഷ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി. സീനിയർ വിദ്യാർഥികൾ തന്നെ മുറിയിൽ കൂട്ടിയിട്ട് ക്രൂരമായി മർദിച്ചുവെന്നും ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിട്ടത്തും അടിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
ഒരു പ്രകോപനവുമില്ലാതെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തന്നെ മര്‍ദിച്ചതെന്ന് റാഗിംഗിന് ഇരയായ കുട്ടി പറഞ്ഞു. യൂണിറ്റ് റൂമില്‍ കൊണ്ടുപോയി തന്നെ മുട്ടുകാലില്‍ നിര്‍ത്തുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം കൊടുത്തുമെന്നുമാണ് പരാതിയിൽ പറയുന്നത്.
അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. തുടർന്ന് ഏഴ് പേരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നീ ഏഴ് പേരാണ് റാഗിങ് നടത്തിയത്.
What's Your Reaction?






