ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് കണ്ടെത്തൽ; നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം

ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ്ഐടി സംഘം പിടിച്ചെടുത്തു

Oct 19, 2025 - 11:16
Oct 19, 2025 - 11:16
 0
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് കണ്ടെത്തൽ; നിർണായക രേഖകൾ പിടിച്ചെടുത്ത് അന്വേഷണ സംഘം
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് വട്ടിപ്പലിശ ഇടപാടും ഉണ്ടെന്ന് കണ്ടെത്തൽ. ശബരിമലയിൽ നിന്നും തട്ടിയെടുത്ത സ്വർണ്ണം മറിച്ചു വിറ്റുവെന്ന് ഉണ്ണികൃഷ്ണൻ പോറ്റി കുറ്റസമ്മതം നടത്തി. മാത്രമല്ല സ്പോൺസർമാരിൽ നിന്നും ലഭിച്ച സ്വർണ്ണവും പണമാക്കി. പണം ഭൂമി ഇടപാടുകൾക്ക് ഉപയോഗിച്ചുവെന്നും ചോദ്യം ചെയ്യലിൽ ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചു. 
 
 ഇതിനു പിന്നാലെ ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയത്. ഇടപാടുകളുടെ ആധാരങ്ങൾ വീട്ടിൽ നടത്തിയ പരിശോധനക്കിടെ എസ്ഐടി സംഘം പിടിച്ചെടുത്തു. നിരവധി പേരുടെ ഭൂമി പോറ്റി സ്വന്തം പേരിലാക്കിയതിനുള്ള തെളിവും ലഭിച്ചു. 
 
കൂടാതെ അനധികൃതമായി സൂക്ഷിച്ചിരുന്ന പണവും സ്വർണവും ഉൾപ്പെടെ പോറ്റിയുടെ ഹാർഡ് ഡിസ്ക്കും അന്വേഷണ സംഘം പിടിച്ചെടുത്തു. ആഭരണങ്ങളുടെ രൂപത്തിലുള്ള സ്വര്‍ണമാണ് കണ്ടെടുത്തത്.  പത്ത് മണിക്കൂറോളമാണ് അന്വേഷണ സംഘം പോറ്റിയുടെ വീട്ടിൽ പരിശോധന നടത്തിയത്.
 
 പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വരും ദിവസങ്ങളിൽ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ആലോചിക്കുന്നത്. ഇതിനു മുന്നോടിയായി കേസിലെ മറ്റു പ്രതികളെ കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. 
 
അതേസമയം  ഉന്നതരുമായുളള ബന്ധങ്ങളാണ് താൻ ശബരിമല സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തിയതെന്ന് ഉണ്ണികൃഷ്ണൻ പോറ്റി വ്യക്തമാക്കി. കേസിൽ പ്രതിചേര്‍ത്തിട്ടുള്ള മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow