ലണ്ടൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ നിലത്തിറക്കിയത്. ബ്രിട്ടണിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ട്രംപിന്റെ മറീൻ വൺ ഹെലികോപ്റ്ററാണ് പ്രദേശിക എയർഫീൽഡിൽ ഇറക്കിയത്. ഇതേതുടര്‍ന്ന് മറ്റൊരു ഹെലികോപ്ടറില്‍ ട്രംപും മെലനിയയും യാത്ര തുടരുകയായിരുന്നു. ഹൈഡ്രോളിക് സംവിധാനത്തിൽ ചെറിയ തകരാറിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് പൈലറ്റുമാർ സമീപത്തുള്ള ഒരു പ്രദേശിക എയർഫീൽഡിൽ ഹെലികോപ്റ്റർ ഇറക്കുകയായിരുന്നെന്നാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് പ്രതികരിച്ചത്.
സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തില്‍ ഹെലികോപ്ടര്‍ മാര്‍ഗേന ഇരുപത് മിനിട്ടില്‍ എത്തേണ്ടിയിരുന്നു ട്രംപ്, തകരാറിനെ തുടര്‍ന്ന് ഇരുപത് മിനിട്ട് കൂടി വൈകിയാണ് എത്തിയത്. പിന്നീട് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർ ഫോഴ്സ് വണ്ണിൽ ട്രംപും ഭാര്യയും യുഎസിലേക്കു മടങ്ങി.