ശബരിമല സ്വർണക്കവർച്ച കേസ്: എ. പത്മകുമാർ റിമാൻഡിൽ
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ അറസ്റ്റ് ചെയ്തത്
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. തുടർന്ന്, അദ്ദേഹത്തെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റും.
ഇന്ന് വൈകുന്നേരത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രത്യേക കേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് എസ്.ഐ.ടി. അറസ്റ്റ് രേഖപ്പെടുത്തിയത്.
ശബരിമല ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്നതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് പത്മകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല.
കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്തത് പത്മകുമാർ ആണെന്ന നിഗമനത്തിലാണ് എസ്.ഐ.ടി. ഇതിലൂടെ പത്മകുമാർ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും അന്വേഷണ സംഘം നിഗമനത്തിലെത്തിയിട്ടുണ്ട്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയുമാണ് എ. പത്മകുമാർ.
What's Your Reaction?