ട്വന്‍റി 20-ക്ക് വീണ്ടും തിരിച്ചടി; ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

രണ്ട് മണ്ഡലങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് പാർട്ടി

Mar 19, 2026 - 17:14
Mar 19, 2026 - 17:14
 0
ട്വന്‍റി 20-ക്ക് വീണ്ടും തിരിച്ചടി; ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ വീണാ നായർക്കും വോട്ടില്ല

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സെലിബ്രിറ്റികളെ അണിനിരത്തി പോരാട്ടത്തിനിറങ്ങിയ ട്വന്റി 20-ക്ക് കനത്ത തിരിച്ചടി. പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയ്ക്ക് പിന്നാലെ ഏറ്റുമാനൂരിലെ സ്ഥാനാർത്ഥി വീണാ നായർക്കും വോട്ടർപട്ടികയിൽ പേരില്ലെന്ന് കണ്ടെത്തി. ഇതോടെ രണ്ട് മണ്ഡലങ്ങളിലും പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്തേണ്ട പ്രതിസന്ധിയിലാണ് പാർട്ടി.

സീരിയൽ-ബിഗ് ബോസ് താരങ്ങളെ രംഗത്തിറക്കി മണ്ഡലം പിടിക്കാമെന്ന ട്വന്റി 20-യുടെ കണക്കുകൂട്ടലുകൾക്കാണ് നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് തൊട്ടുമുമ്പ് വോട്ടില്ലെന്ന വിവരം തിരിച്ചടിയായത്. സ്ഥാനാർത്ഥിക്ക് അതത് മണ്ഡലത്തിലോ അല്ലെങ്കിൽ രാജ്യത്തെ മറ്റേതെങ്കിലും മണ്ഡലത്തിലോ വോട്ടുണ്ടെങ്കിൽ മാത്രമേ മത്സരിക്കാൻ സാധിക്കൂ.

ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വീണാ നായരുടെ പേര് വോട്ടർപട്ടികയിൽ ഇല്ലാത്തത് പാർട്ടിയെ വെട്ടിലാക്കി. ഇവർക്ക് പകരം മത്സരിക്കാൻ അനുയോജ്യമായ ആളെ കണ്ടെത്താനുള്ള തിരക്കിലാണ് നേതൃത്വം.

പെരുമ്പാവൂരിലെ സ്ഥാനാർത്ഥി ലക്ഷ്മി പ്രിയയ്ക്കും വോട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന വലിയ റോഡ് ഷോ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിലാണ് ലക്ഷ്മി പ്രിയയുടെ പേര് വോട്ടർപട്ടികയിൽ ഇല്ലെന്ന വിവരം പുറത്തുവരുന്നത്. തുടർന്ന് റോഡ് ഷോയ്ക്ക് പകരം പദയാത്ര നടത്തിയാണ് പ്രചാരണം അവസാനിപ്പിച്ചത്.

രണ്ട് പ്രമുഖ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തിൽ, മറ്റ് പ്രമുഖരെ ആരെങ്കിലും പാർട്ടിയിലേക്ക് കൊണ്ടുവരാനാകുമോ എന്നാണ് ട്വന്റി 20 നോക്കുന്നത്. വോട്ടർപട്ടികയിലെ പിഴവാണോ അതോ മറ്റ് സാങ്കേതിക കാരണങ്ങളാണോ ഇതിന് പിന്നിലെന്ന് പാർട്ടി പരിശോധിക്കുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow