വെഞ്ഞാറമൂട്ടിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ട് അപകടം; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
ഭാരം കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി കയറ്റം കയറുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് ഉരുളുകയായിരുന്നു
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിലും ബൈക്കുകളിലും ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), കാട്ടാക്കട കട്ടക്കോട് സ്വദേശി ജൂലി ഇഗ്നേഷ്യസ് എന്നിവരാണ് മരിച്ചത്. പിരപ്പൻകോട്-പാലാംകോണം നാഗരുകുഴിയിൽ വെച്ചാണ് അപകടമുണ്ടായത്. കല്ല് കയറ്റി കയറ്റം കയറിക്കൊണ്ടിരുന്ന ടിപ്പർ ലോറി നിയന്ത്രണം വിട്ട് പുറകോട്ട് ഉരുണ്ടതാണ് അപകടത്തിന് കാരണമായത്.
ഭാരം കയറ്റി പോവുകയായിരുന്ന ടിപ്പർ ലോറി കയറ്റം കയറുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം വിട്ട് പുറകോട്ട് ഉരുളുകയായിരുന്നു. പുറകെ വന്ന കാറിലും രണ്ട് ബൈക്കുകളിലുമാണ് ലോറി ഇടിച്ചത്. ബൈക്ക് യാത്രക്കാരായ ആദിത്യനും ജൂലി ഇഗ്നേഷ്യസുമാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
വാഹനങ്ങളിൽ ഇടിച്ചതിന് പിന്നാലെ ടിപ്പർ ലോറി റോഡിൽ മറിഞ്ഞു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കാറിനുള്ളിൽ കുടുങ്ങിപ്പോയവരെയും ബൈക്ക് യാത്രക്കാരെയും വെഞ്ഞാറമൂട് ഫയർഫോഴ്സും പോലീസും ചേർന്ന് പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?