ലോകമെങ്ങും ഇന്ന് ചെറിയ പെരുന്നാൾ; ഗൾഫിൽ സംഘർഷങ്ങൾക്കിടയിലും അതിജീവനത്തിന്റെ ഈദ്; പള്ളികളിൽ മാത്രം നമസ്കാരം
മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതയോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്
കോഴിക്കോട്: ഒരു മാസത്തെ വ്രതശുദ്ധിക്ക് ശേഷം വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. ഒമാനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും ഇത്തവണ ഒന്നിച്ചാണ് പെരുന്നാൾ എത്തിയത് എന്നത് ഈ വർഷത്തെ ആഘോഷത്തിന്റെ പ്രത്യേകതയാണ്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി പ്രാർത്ഥനാനിർഭരമായാണ് വിശ്വാസികൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.
മേഖലയിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിൽ അതീവ ജാഗ്രതയോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. യുദ്ധാന്തരീക്ഷം എത്രയും വേഗം മാറി സമാധാനം പുലരണമെന്ന പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ഈദ്ഗാഹുകളിൽ ഒത്തുചേരുന്നത്.
സുരക്ഷാ കാരണങ്ങളാൽ യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ പള്ളികൾക്കുള്ളിൽ മാത്രമാണ് പെരുന്നാൾ നമസ്കാരം ക്രമീകരിച്ചിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകൾ ഒഴിവാക്കി ഖുതുബ (പ്രസംഗം) സമയം ചുരുക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥ അവസാനിപ്പിച്ച് സമാധാനം പുലരണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ പെരുന്നാൾ സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ദുരിതം അനുഭവിക്കുന്നവർക്കുള്ള ഐക്യദാർഢ്യം കൂടിയാണ് ഈ പെരുന്നാൾ. ദുബായിലെ ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടിട്ടുണ്ടെങ്കിലും പെരുന്നാൾ വിപണികളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ക്ഷമയുടെയും കാരുണ്യത്തിന്റെയും 29 ദിനരാത്രങ്ങൾ പിന്നിട്ടാണ് വിശ്വാസികൾ ഈ ദിനത്തിലെത്തിയത്. സകാത്ത് നൽകിയും ഇഫ്താർ സംഗമങ്ങളിലൂടെ സൗഹൃദം പുതുക്കിയും വ്രതകാലം ധന്യമാക്കിയവർ ഇന്ന് പുതുവസ്ത്രങ്ങളണിഞ്ഞും ബന്ധുക്കളെ സന്ദർശിച്ചും ആഘോഷങ്ങളിൽ പങ്കുചേരുന്നു.
What's Your Reaction?