വേദനയില്ലാത്ത മരണത്തിലേക്ക് ഹരീഷ് റാണ; ദയാവധ നടപടികൾ തുടങ്ങി
ഭക്ഷണത്തിനായുള്ള ഫീഡിങ് ട്യൂബും കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള ഓക്സിജൻ സപ്പോർട്ടും ഘട്ടംഘട്ടമായി നീക്കം ചെയ്തുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു
ന്യൂഡൽഹി: പതിമൂന്ന് വർഷമായി കോമയിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശി ഹരീഷ് റാണയുടെ (33) ദയാവധ നടപടികൾ ആരംഭിച്ചു. സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവിനെത്തുടർന്ന് ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ഭക്ഷണത്തിനായുള്ള ഫീഡിങ് ട്യൂബും കൃത്രിമ ശ്വാസോച്ഛ്വാസത്തിനുള്ള ഓക്സിജൻ സപ്പോർട്ടും ഘട്ടംഘട്ടമായി നീക്കം ചെയ്തുവരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. എയിംസിലെ ഡോ. സീമ മിശ്രയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് ഈ പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്. മരണം വേഗത്തിലാക്കുക എന്നതിനേക്കാൾ, വേദനയില്ലാത്ത മരണം ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കി.
2013-ൽ ചണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് പഠിക്കുന്നതിനിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണാണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്നുമുതൽ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. മകൻ ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞതോടെയാണ്, അവന്റെ ദുരിതം കണ്ടുനിൽക്കാനാകാതെ വയോധികരായ മാതാപിതാക്കൾ ദയാവധത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ജെ.ബി. പർദ്ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചികിത്സ തുടരുന്നത് കൊണ്ട് യാതൊരു പുരോഗതിയും ഉണ്ടാകില്ലെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി ശരിവെച്ചു.
ജീവിക്കാനുള്ള അവകാശം പോലെ തന്നെ അന്തസ്സോടെ മരിക്കാനുള്ള അവകാശവും ഒരു പൗരനുണ്ടെന്ന് കോടതി നിരീക്ഷിച്ചു. മകന്റെ വേദന അവസാനിപ്പിക്കാൻ മാതാപിതാക്കൾ എടുത്ത ഈ തീരുമാനം നിസ്വാർത്ഥമാണെന്ന് ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അഭിപ്രായപ്പെട്ടു. എയിംസിലെ പാലിയേറ്റീവ് കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ച്, കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ച് ദയാവധം നടപ്പാക്കാനാണ് നിർദേശം.
What's Your Reaction?