ശബരിമലയിൽ ഏകപക്ഷീയമായ തീരുമാനമില്ല; പണ്ഡിതരുമായും സാമൂഹ്യ പരിഷ്കർത്താക്കളുമായും ചർച്ച വേണം; മുഖ്യമന്ത്രി
ശബരിമലയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി കൃത്യമായ നിലപാടുകൾക്കാണ് തന്റെ രാഷ്ട്രീയ ശൈലിയിൽ മുൻഗണനയെന്ന് അദ്ദേഹം ആവർത്തിച്ചു. വിഷയത്തിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യങ്ങളിൽ കോടതി ചോദിക്കുന്നതിന് മാത്രം മറുപടി നൽകുക എന്നതാണ് നിലവിലെ നയമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ശബരിമലയിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സർക്കാർ സ്വന്തം നിലപാടുകൾ അടിച്ചേൽപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം സങ്കീർണ്ണമായതിനാൽ എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനത്തിലേക്ക് എത്താൻ സാധിക്കൂ എന്നാണ് സർക്കാരിന്റെ പക്ഷം. സ്ത്രീ പ്രവേശന വിഷയത്തിൽ ആചാരങ്ങളെക്കുറിച്ച് അറിവുള്ള പണ്ഡിതർ, വിദഗ്ധർ, സാമൂഹ്യ പരിഷ്കർത്താക്കൾ എന്നിവരുമായി വിശദമായ ചർച്ചകൾ നടത്തണം. ഇതിനുശേഷമേ ഒരു നിലപാടിൽ എത്താൻ സാധിക്കൂ. കോടതി തീരുമാനമെടുക്കുമ്പോഴും ഇത്തരത്തിൽ എല്ലാവരുമായും ചർച്ച നടത്തി വേണം മുന്നോട്ട് പോകാൻ എന്നാണ് സർക്കാരിന് പറയാനുള്ളത്.
മുൻപ് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പറഞ്ഞിരുന്ന സർക്കാർ നിലപാട് മാറ്റിയോ എന്ന ചോദ്യത്തിന്, സുപ്രീം കോടതി ഇപ്പോൾ സർക്കാരിനോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കോടതി വീണ്ടും അഭിപ്രായം ചോദിക്കുകയാണെങ്കിൽ ആ സമയത്ത് എന്ത് പറയണം എന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾ ഉണ്ടാകുമ്പോൾ വോട്ട് ബാങ്ക് ലക്ഷ്യം വെച്ചല്ല, മറിച്ച് വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ശബരിമല കേസിൽ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ കാത്തിരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
What's Your Reaction?