തിരുവനന്തപുരത്തെ ഗ്രാമപ്രദേശങ്ങളിൽ വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് വേട്ടയ്‌ക്ക് ഗണ്യമായ വർദ്ധനവ്; 2024ൽ 12 കേസുകൾ
വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ മൂന്ന് തവണയും കഞ്ചാവ് ഒമ്പത് തവണയുമാണ് പിടികൂടിയത്. 2023ൽ ഇത്തരത്തിൽ നാല് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരം: 2024-ൽ തലസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ നിന്നും വ്യാവസായിക അളവിലുള്ള മയക്കുമരുന്ന് പിടികൂടിയ 12 കേസുകളാണ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്. വാണിജ്യാടിസ്ഥാനത്തിലുള്ള എം.ഡി.എം.എ മൂന്ന് തവണയും കഞ്ചാവ് ഒമ്പത് തവണയുമാണ് പിടികൂടിയത്. 2023ൽ ഇത്തരത്തിൽ നാല് കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
പോലീസ് രേഖകൾ പ്രകാരം 2024ൽ പിടികൂടിയ എം.ഡി.എം.എയുടെ അളവ് 320 ഗ്രാം ആണ്. വളരെ ശക്തമായ സിന്തറ്റിക് മരുന്നായ എം.ഡി.എം.എയുടെ 10 ഗ്രാമിനെയാണ് ഒരു വാണിജ്യ അളവായി കണക്കാക്കപ്പെടുന്നത്. ഇക്കാലയളവിൽ 18.75 ഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനമൊട്ടാകെ കഞ്ചാവ് പിടികൂടിയതിൽ തിരുവനന്തപുരം റൂറൽ പോലീസ് നാലാം സ്ഥാനത്താണ്. പിടികൂടിയ ആകെ കഞ്ചാവിൻ്റെ അളവ് 268 കിലോഗ്രാം. പാലക്കാട്, തൃശൂർ റൂറൽ, കോഴിക്കോട് ജില്ലകളാണ് കഞ്ചാവ് പിടിത്തത്തിൽ തിരുവനന്തപുരം റൂറലിനേക്കാൾ മുന്നിൽ. 2024ൽ 1,612 പ്രതികളുള്ള 1,736 എൻ.ഡി.പി.എസ് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
മയക്കുമരുന്ന് കടത്ത് തടയാൻ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടികൾ മൂലമാണ് വാണിജ്യാടിസ്ഥാനത്തിലുള്ള മയക്കുമരുന്ന് പിടികൂടുന്നത് വർധിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ ഐ.പി.എസ് പറഞ്ഞു.
ജില്ലാ ആൻ്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സി (ഡി.എ.എൻ.എസ്.എ.എഫ്)ൻ്റെ ശക്തിപ്പെടുത്തൽ, സ്‌പെഷ്യൽ ഫോഴ്‌സിലെ ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം നൽകിയത് തുടങ്ങിയ നടപടികളാണ് കൂടുതൽ കേസുകൾക്കും വൻതോതിൽ മയക്കുമരുന്ന് പിടികൂടുന്നതിനും ഇടയാക്കിയതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മയക്കുമരുന്ന് കടത്തലിലേക്ക് തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച ക്രിമിനൽ-ഗുണ്ടാ സംഘങ്ങളളെ നിരീക്ഷിക്കുന്നതിലുള്ള മുൻ പരിചയം ധാരാളം മയക്കുമരുന്ന് പിടിച്ചെടുക്കലിന് സഹായകമായെന്നും കിരൺ നാരായണൻ കൂട്ടിച്ചേർത്തു.
What's Your Reaction?






