സ്‌കൂൾ കായികമേള; മാർ ബേസിലിനും നവമുകുന്ദ സ്‌കൂളിനും വിലക്ക്
വെബ്‌സൈറ്റിലെ ഔദ്യോഗിക പോയിൻ്റ് ടേബിളിൽ നവമുകുന്ദ എച്ച്.എസ്.എസ്സും മാർ ബേസിൽ എച്ച്.എസ്.എസ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
തിരുവനന്തപുരം: ഇനി നടക്കാനിരിക്കുന്ന 2025-26 വർഷത്തെ കേരള സ്‌കൂൾ കായികമേളയിൽ എറണാകുളം കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ്, മലപ്പുറം തിരുനാവായ നവമുകുന്ദ എച്ച്.എസ്.എസ് എന്നീ രണ്ട് സ്‌കൂളുകൾക്ക് കേരള സ്‌കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വിലക്കേർപ്പെടുത്തി. നവംബറിൽ നടന്ന കായികമേളയുടെ സമാപന ചടങ്ങിൽ ഇരു സ്കൂളുകളിലേയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്നാണ് വിലക്ക്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മൂന്നംഗ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ് വ്യാഴാഴ്ച ഉത്തരവിട്ടത്.
കായികമേളയുടെ സമാപന ചടങ്ങിൽ മികച്ച സ്കൂൾ വിഭാഗത്തിൽ സംഘാടകർ ജി.വി രാജ സ്പോർട്സ് സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. വെബ്‌സൈറ്റിലെ ഔദ്യോഗിക പോയിൻ്റ് ടേബിളിൽ നവമുകുന്ദ എച്ച്.എസ്.എസ്സും മാർ ബേസിൽ എച്ച്.എസ്.എസ്സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
നവമുകുന്ദ എച്ച്.എസ്.എസ്സിനെ മൂന്നാം സ്ഥാനത്തേക്കും മാർ ബേസിൽ എച്ച്.എസ്.എസ്സിനെ സമ്മാനമില്ലാതെ തഴഞ്ഞും ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിനെ റണ്ണറപ്പായി പ്രഖ്യാപിച്ചതോടെയുമായിരുന്നു പ്രശ്‌നത്തിൻ്റെ തുടക്കം. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പ്രതിഷേധിച്ച വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്തതായി പരാതിയുണ്ട്.
സംഭവത്തെ തുടർന്ന് ചടങ്ങ് അലങ്കോലപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടന്നതായും ചിലർ കായികമേളയുടെ യശസ്സും മാനവും കെടുത്തുന്ന തരത്തിൽ പെരുമാറിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.
What's Your Reaction?

