ആന്തൂറിയം-അവലോസ്' ട്രോൾ ബോറെന്ന് ശബരീനാഥൻ; മേയർക്ക് ചോദ്യങ്ങളുമായി തിരിച്ചടി
തിരുവനന്തപുരം: കോർപറേഷനിലെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ, തന്നെ പരിഹസിച്ച മേയർ വി.വി. രാജേഷിന് അതേ നാണയത്തിൽ മറുപടി നൽകി കോൺഗ്രസ് നേതാവ് ശബരീനാഥൻ. മേയർ പങ്കുവച്ച 'ആന്തൂറിയം പൂവും അവലോസ് ഉണ്ടയും' ചേർന്ന പരിഹാസ പോസ്റ്റ് 'ക്രിഞ്ച് കോമഡി'യാണെന്നും 'നല്ല ബോറായിട്ടുണ്ടെന്നും' ശബരീനാഥൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
''ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ഒരു ക്രിഞ്ച് കോമഡി മേയർ പങ്കുവയ്ക്കുന്നത് കേട്ടു. പറയാതിരിക്കാൻ വയ്യ, നല്ല ബോറായിട്ടുണ്ട്,'' എന്ന് പറഞ്ഞ ശബരീനാഥൻ, നഗരസഭാ ഭരണവുമായി ബന്ധപ്പെട്ട് മേയർ നൽകിയ വാഗ്ദാനങ്ങളും ചൂണ്ടിക്കാട്ടി.
ഭരണത്തിലേറി 45 ദിവസത്തിനകം മാസ്റ്റർ പ്ലാൻ കൊണ്ടുവരുമെന്ന പ്രഖ്യാപനം എന്തായെന്നും, കേന്ദ്ര ബജറ്റിൽ തിരുവനന്തപുരത്തിന് വൻ വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്ന വാഗ്ദാനം എവിടെയെത്തിയെന്നും അദ്ദേഹം ചോദിച്ചു. കൂടാതെ, ഫുട്ബോൾ വേൾഡ് കപ്പ് ഓർമിപ്പിച്ച്, തിരുവനന്തപുരത്ത് ഒളിമ്പിക്സ് വേദി ഒരുക്കുമെന്ന മേയറുടെ മുൻ പ്രഖ്യാപനവും ശബരീനാഥൻ പരിഹസിച്ചു.
അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോര് സമൂഹമാധ്യമങ്ങളിലും തുടരുന്നതിനിടെയാണ് ഇരുനേതാക്കളും പരസ്പരം പരിഹാസവുമായി രംഗത്തെത്തിയത്.
What's Your Reaction?



