"അതൊരു ദൈവനിയോഗം, എന്റെ കൈകാലുകൾ വിറച്ചുപോയി"; കൊടിയത്തൂരിലെ കുരുന്നിനെ രക്ഷിച്ച ബസ് ഡ്രൈവർ 

വണ്ടിയുടെ തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ബ്രേക്ക് ചവിട്ടി ബസ് വലത്തോട്ട് വെട്ടിക്കുകയായിരുന്നു

Feb 2, 2026 - 14:47
Feb 2, 2026 - 14:48
 0
"അതൊരു ദൈവനിയോഗം, എന്റെ കൈകാലുകൾ വിറച്ചുപോയി"; കൊടിയത്തൂരിലെ കുരുന്നിനെ രക്ഷിച്ച ബസ് ഡ്രൈവർ 

കുവൈത്ത് സിറ്റി: കൊടിയത്തൂരിൽ ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ ബസ് വെട്ടിച്ചുമാറ്റി രക്ഷപ്പെടുത്തിയ വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ നിമിഷത്തെക്കുറിച്ച് ബസ് ഡ്രൈവർ ഷനോജ് തന്റെ അനുഭവം പങ്കുവെക്കുന്നു. കുട്ടിയെ രക്ഷിച്ചത് തന്റെ കഴിവാണെന്ന് കരുതുന്നില്ലെന്നും അതൊരു ദൈവനിശ്ചയമാണെന്നുമാണ് ഷനോജ് പറയുന്നത്. ഓട്ടോയിൽ നിന്ന് ഇറങ്ങി കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയായിരുന്നു. 

വണ്ടിയുടെ തൊട്ടുമുന്നിൽ എത്തിയപ്പോഴാണ് കുട്ടിയെ കണ്ടത്. ഉടൻ തന്നെ ബ്രേക്ക് ചവിട്ടി ബസ് വലത്തോട്ട് വെട്ടിക്കുകയായിരുന്നു. "എന്റെ ചെറിയ മോളുടെ പ്രായമേയുള്ളൂ ആ കുട്ടിക്ക്. അതാണ് അപ്പോൾ മനസ്സിൽ വന്നത്. അതിനുശേഷം കൈകാലുകൾ വിറച്ചിട്ട് എനിക്ക് വണ്ടി ഓടിക്കാനായില്ല. ആ ഷോക്കിന് ശേഷം ഇന്നാണ് ഞാൻ വീണ്ടും വണ്ടിയിൽ കയറുന്നത്," ഷനോജ് വികാരാധീനനായി പറഞ്ഞു. കഴിഞ്ഞദിവസം ആശുപത്രിയിലേക്ക് പോകാൻ പിതാവിനൊപ്പം ഓട്ടോയിലെത്തിയതായിരുന്നു കുട്ടി. ഓട്ടോ നിന്ന ഉടൻ തന്നെ, റോഡിന് മറുവശത്തുള്ള അമ്മയുടെ അടുത്തേക്ക് കുട്ടി ഓടുകയായിരുന്നു. 

പിതാവ് ഓട്ടോ ഡ്രൈവർക്ക് പണം നൽകുന്ന തിരക്കിലായതിനാൽ കുട്ടി ഓടുന്നത് ശ്രദ്ധിച്ചിരുന്നില്ല. കോഴിക്കോട് നിന്ന് വരികയായിരുന്ന ബസ്സിനു മുന്നിലേക്കാണ് കുട്ടി എത്തിയത്. ബസ്സിലെ സിസിടിവി ദൃശ്യങ്ങൾ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത് ആരെയും കുറ്റപ്പെടുത്താനല്ലെന്നും, മറിച്ച് രക്ഷിതാക്കൾക്ക് ഒരു പാഠമാകാനാണെന്നും ഷനോജ് പറഞ്ഞു. "ബസ് ഒന്ന് തട്ടിയിരുന്നെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലൂടെ ബാക്ക് ടയർ കയറി ഇറങ്ങിയേനെ. മക്കളുമായി യാത്ര ചെയ്യുമ്പോൾ മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണം," അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow