'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'; കേസിലെ പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ

കേസിന്റെ വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യുന്നത് നീതിനിർവ്വഹണത്തെ ബാധിക്കുമെന്നാണ് ഹർജിയിലെ പ്രധാന വാദം

Feb 2, 2026 - 17:02
Feb 2, 2026 - 17:03
 0
'വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ റീലിസ് തടയണം'; കേസിലെ പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കിയുള്ളതെന്ന് പറയപ്പെടുന്ന 'കാലം പറഞ്ഞ കഥ' എന്ന സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയിൽ ഹർജി നൽകി. കേസിന്റെ വിചാരണ പൂർത്തിയാകാത്ത സാഹചര്യത്തിൽ സിനിമ റിലീസ് ചെയ്യുന്നത് നീതിനിർവ്വഹണത്തെ ബാധിക്കുമെന്നാണ് ഹർജിയിലെ പ്രധാന വാദം.

വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ സിനിമ പുറത്തിറങ്ങുന്നത് മാധ്യമ വിചാരണയ്ക്ക് വഴിതുറക്കുമെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിനിമയിലെ രംഗങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും ഇത് സത്യസന്ധമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നും പ്രതിഭാഗം ആരോപിക്കുന്നു.

സിനിമയുടെ പേരിൽ കുടുംബത്തെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയാണെന്നും വിചാരണ കഴിയും വരെ റിലീസ് തടയണമെന്നുമാണ് ആവശ്യം. സിനിമ ഫെബ്രുവരി ആറിന് റിലീസ് ചെയ്യാനിരിക്കെയാണ് ഈ നിയമപോരാട്ടം. എന്നാൽ സിനിമയ്ക്ക് വെഞ്ഞാറമൂട് കേസുമായി നേരിട്ട് ബന്ധമില്ലെന്നാണ് സംവിധായകൻ പ്രസാദ് നൂറനാട് പറയുന്നത്:

കേരളത്തിൽ നടന്ന പല സാമൂഹിക സംഭവങ്ങളെയും കോർത്തിണക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലഹരിവസ്തുക്കളുടെ വ്യാപനം അടക്കമുള്ള വിഷയങ്ങളാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രസാദ് നൂറനാട് സംവിധാനം ചെയ്ത് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി കഥയെഴുതി നിർമ്മിക്കുന്ന ചിത്രമാണിത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വരും ദിവസങ്ങളിൽ ഇതിൽ തീരുമാനമെടുക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow