നാദാപുരത്ത് പുഴയിൽ വീണ കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദമ്പതികളടക്കം മൂന്ന് പേർ മുങ്ങിമരിച്ചു
പുഴയിൽ തുണി അലക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കയത്തിൽപ്പെടുകയായിരുന്നു
കോഴിക്കോട്: നാദാപുരത്തിന് സമീപം പുളിയാവ് പുഴയിൽ തുണി അലക്കാനിറങ്ങിയ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അൻസാർ, ഭാര്യ സുഹാദ, അൻസാറിന്റെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം.
പുഴയിൽ തുണി അലക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കയത്തിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് അൻസാറും സുഹാദയും അപകടത്തിൽപ്പെട്ടത്. നാദാപുരം പുളിയാവ് പുഴയിലാണ് അപകടമുണ്ടായത്. വൈകുന്നേരം തുണി അലക്കുന്നതിനായി പുഴയിലെത്തിയതായിരുന്നു ഇവർ.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാർ രക്ഷാപ്രവർത്തനത്തിനായി പുഴയിലിറങ്ങി. പിന്നീട് വിദഗ്ധ സംഘവും സ്ഥലത്തെത്തിയാണ് മൂവരെയും പുറത്തെടുത്തത്. പുഴയിൽ നിന്ന് പുറത്തെടുക്കുമ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നതായാണ് പ്രാഥമിക വിവരം. നിലവിൽ മൃതദേഹങ്ങൾ നാദാപുരം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
What's Your Reaction?