ബി.ജെ.പി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍; ശബ്ദരേഖ പുറത്ത്
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർക്ക് എൻ.ഡി.എ സ്ഥാനാർഥിക്ക് വേണ്ടി പണം നൽകിയെന്ന വിവാദമാണ് പുതിയ പോരിലേക്ക് നയിച്ചത്
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടയിൽ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പാർട്ടിക്കുള്ളിലെ വനിതാ നേതാവിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായതോടെ ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
പാലക്കാട് നിയമസഭാ മണ്ഡലത്തിലെ വോട്ടർക്ക് എൻ.ഡി.എ സ്ഥാനാർഥിക്ക് വേണ്ടി പണം നൽകിയെന്ന വിവാദമാണ് പുതിയ പോരിലേക്ക് നയിച്ചത്. ഈ സംഭവത്തിന് പിന്നിൽ ബിന്ദുവാണെന്ന് ശോഭ ആരോപിക്കുന്നു. നിശ്ശബ്ദ പ്രചാരണ ദിനത്തിൽ കണ്ണാടി തരുവക്കുറിശിയിൽ വോട്ടർക്ക് 5,000 രൂപ നൽകിയെന്ന് കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഫ്ലയിങ് സ്ക്വാഡ് അന്വേഷണം നടത്തുകയും ശോഭയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ഇതിന് പിന്നിൽ ബിന്ദുവാണെന്നും ശോഭ ആരോപിക്കുന്നു. "അടിച്ചു പണിക്കുറ്റം തീർക്കും", കോടതി കയറ്റും തുടങ്ങിയ പരാമർശങ്ങൾ ശബ്ദരേഖയിലുണ്ട്. തന്നേയും ഭർത്താവിനേയും അപായപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയെന്ന് ബിന്ദു വിനയകുമാർ പറഞ്ഞു. സഭ്യമല്ലാത്ത ഭാഷയിലായിരുന്നു സംസാരമെന്നും ഇവർ ആരോപിക്കുന്നു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ബിന്ദു ഓൺലൈനായി പരാതി നൽകി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ മത്സരിച്ച സമയം മുതൽ പാർട്ടിയിൽ നിലനിൽക്കുന്ന കടുത്ത വിഭാഗീയതയുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് സ്ഥാനാർഥി തന്നെ വിവാദത്തിലായതും ഉൾപ്പാർട്ടി പോര് പരസ്യമായതും ബിജെപിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് നൽകുന്നത്.
What's Your Reaction?