കൊട്ടാരക്കര ടിപ്പർ ദുരന്തം: വൻ വീഴ്ച വരുത്തിയ ലോറി ഉടമയെ പ്രതി ചേർക്കും; ഡ്രൈവർക്ക് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ല

Jun 25, 2026 - 12:49
Jun 25, 2026 - 12:49
 0
കൊട്ടാരക്കര ടിപ്പർ ദുരന്തം: വൻ വീഴ്ച വരുത്തിയ ലോറി ഉടമയെ പ്രതി ചേർക്കും; ഡ്രൈവർക്ക് ഹെവി ലൈസൻസ് ഉണ്ടായിരുന്നില്ല

  കൊല്ലം: മൂന്ന് പേരുടെ ദാരുണാന്ത്യത്തിനിടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ കേസിൽ പ്രതി ചേർക്കാൻ പൊലീസ് നീക്കം. ഹെവി ഡ്രൈവിങ് ലൈസൻസ് പോലുമില്ലാത്തയാൾക്ക് വാഹനം ഓടിക്കാൻ നൽകിയ ഉടമയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്ന് പൊലീസ് കണ്ടെത്തി. അപകടമുണ്ടാക്കിയ ലോറിയിൽ ജിപിഎസ് പ്രവർത്തനക്ഷമമായിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഘടിപ്പിച്ചിരുന്നില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസും പെർമിറ്റും റദ്ദാക്കാനുള്ള നടപടികൾ എംവിഡി ആരംഭിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ വിശദമായ റിപ്പോർട്ട് ലഭിച്ചാലുടൻ ഉടമയെ ഔദ്യോഗികമായി പ്രതി ചേർക്കും.

വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ഡ്രൈവർ ആദ്യമായി വണ്ടി ഓടിച്ച ദിവസമാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അശ്രദ്ധമായി വാഹനം ഓടിച്ച് മനുഷ്യജീവന് ആപത്തുണ്ടാക്കിയതിന് ഡ്രൈവർക്കെതിരെ പൊലീസ് ഇതിനകം നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ 16 വർഷം പഴക്കമുള്ള ഈ വാഹനം കപ്പാസിറ്റിയിലും കൂടുതൽ മണ്ണുമായി അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമായി. ജംഗ്ഷനിലെ വളവിൽ വെച്ച് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബസ് കാത്തുനിന്നവർക്കിടയിലേക്ക് ലോറി മറിയുകയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരാണ് അപകടത്തിൽ മരണപ്പെട്ടത്. ടിപ്പറുകളുടെ സമയക്രമം പരിഷ്കരിക്കുന്നതിനൊപ്പം സുരക്ഷിതമായ ഡ്രൈവിങ് ശീലങ്ങൾ ഉറപ്പാക്കാനുള്ള കർശന നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow