'പിണറായി വീണ്ടും മുഖ്യമന്ത്രിയാകും'; വേദിയിലിരുത്തി പ്രശംസിച്ച് മണിശങ്കർ അയ്യർ
സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കുന്നതിലുള്ള വിഷമവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു
തിരുവനന്തപുരം: കേരളത്തിൽ പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കർ അയ്യർ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന 'വിഷൻ 2031' അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ വിസ്മയിപ്പിക്കുന്ന പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു മണിശങ്കർ അയ്യരുടെ ഈ വാക്കുകൾ.
സർക്കാരുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് യുഡിഎഫ് വിട്ടുനിൽക്കുന്നതിലുള്ള വിഷമവും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു. നേരത്തെ യുഡിഎഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിന്റെ സമാപനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് പാർട്ടിയിൽ നിന്ന് തനിക്ക് പ്രത്യേക നിർദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
സംസ്ഥാനത്ത് അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസ് തീവ്രശ്രമം നടത്തുന്നതിനിടെ സ്വന്തം നേതാവിൽ നിന്നുണ്ടായ ഈ പരാമർശം പാർട്ടിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. മണിശങ്കർ അയ്യർ കുറച്ചുകാലമായി ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്താറുണ്ടെന്നും അതിനോട് പ്രത്യേകിച്ച് പ്രതികരിക്കാനില്ലെന്നുമാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.
കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വങ്ങളുമായി മണിശങ്കർ അയ്യർ അകൽച്ചയിലാണ്. സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു മണിശങ്കർ അയ്യരുടെ പ്രസംഗം. ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളെ പരോക്ഷമായി പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ നിലപാട് രാഷ്ട്രീയ കേരളത്തിൽ പുതിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.
What's Your Reaction?



