ട്രെയിനിന് നേരെ കല്ലേറ്; വിദ്യാർഥിനിയുടെ താടിയെല്ല് തകർന്നു, നാല് പല്ലുകൾ നഷ്ടമായി
ആലുവ യു.സി കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഐശ്വര്യ പരീക്ഷയ്ക്കുള്ള സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്
കോഴിക്കോട്: ട്രെയിനിന് നേരെ ഉണ്ടായ കല്ലേറിൽ ട്രെയിൻ യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് സാരമായി പരിക്കേറ്റു. വടകര പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് (23) ആക്രമണത്തിൽ പരിക്കേറ്റത്. കല്ലേറിൽ വിദ്യാർത്ഥിനിയുടെ താടിയെല്ലിന് പൊട്ടലേൽക്കുകയും നാല് പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു.
ആലുവ യു.സി കോളേജിലെ പി.ജി വിദ്യാർത്ഥിനിയായ ഐശ്വര്യ പരീക്ഷയ്ക്കുള്ള സ്റ്റഡി ലീവിന് നാട്ടിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം.
ജനറൽ കമ്പാർട്ട്‌മെന്റിൽ ജനലരികിൽ ഇരിക്കുകയായിരുന്നു ഐശ്വര്യ. ട്രെയിൻ കടലുണ്ടി പാലം കഴിഞ്ഞ സമയത്താണ് പുറത്തുനിന്ന് എറിഞ്ഞ കല്ല് ഐശ്വര്യയുടെ മുഖത്ത് പതിച്ചത്. കുട്ടിയെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താടിയെല്ലിന് ഗുരുതരമായ പരിക്കേറ്റതിനാൽ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്ലാസ്റ്റിക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവ് വരുമെന്ന് കുടുംബം വ്യക്തമാക്കി.
സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താൻ പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഇതേ രാത്രി തന്നെ കാസർകോട് ഭാഗത്ത് വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ട്രെയിനുകൾക്ക് നേരെയുള്ള ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.
What's Your Reaction?