വിവാദത്തിന് പിന്നാലെ രാജി; സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് ബെന്നി തോമസ് പിന്മാറി
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടിരുന്ന സഹോദരീഭർത്താവ് ബെന്നി തോമസ് രാജിവച്ചു. ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വിവാദം ശക്തമായതിനെ തുടർന്നാണ് നടപടി.
ബെന്നി തോമസ് തന്റെ രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലേക്ക് ബന്ധുവിനെ നിയമിച്ചതിനെതിരെ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു.
ഇന്നലെ നടന്ന കെപിസിസി യോഗത്തിലും വിഷയത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും അനാവശ്യ വിവാദങ്ങൾക്ക് ഇടയാക്കുന്ന തീരുമാനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, വിമർശനങ്ങൾക്കിടയിലും ബെന്നി തോമസിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ബെന്നി തോമസിന്റെ രാജി.
What's Your Reaction?



