പഞ്ചസാരയോട് 'നോ' പറയാം; ആരോഗ്യം മെച്ചപ്പെടുത്താം; അമിതവണ്ണവും മുഖത്തെ വീക്കവും കുറയ്ക്കാൻ മധുരം ഒഴിവാക്കുന്നത് സഹായിക്കും
പഞ്ചസാര കുറയ്ക്കുന്നതോടെ വയറിലെയും കരളിലെയും അമിത കൊഴുപ്പ് കുറയാൻ സഹായിക്കുന്നു
പഞ്ചസാര ഒഴിവാക്കുന്നത് പ്രമേഹരോഗികൾക്ക് മാത്രമുള്ള മുൻകരുതലല്ല, മറിച്ച് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യാവശ്യമായ ഒന്നാണ്. ഭക്ഷണത്തിൽ നിന്ന് വൈറ്റ് ഷുഗർ പൂർണ്ണമായും ഒഴിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും അത് നിയന്ത്രിക്കാനുള്ള പ്രായോഗിക മാർഗങ്ങളും താഴെ പറയുന്നവയാണ്.
പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് വെറും കലോറി നിയന്ത്രണമല്ല, മറിച്ച് ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനുള്ള വഴി കൂടിയാണ്. പഞ്ചസാര കുറയ്ക്കുന്നതോടെ വയറിലെയും കരളിലെയും അമിത കൊഴുപ്പ് കുറയാൻ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ ഫലപ്രദമാണ്.
മുഖത്തെ തടിപ്പും കണ്ണിന് താഴെയുള്ള വീക്കവും കുറയ്ക്കാൻ ഇത് സഹായിക്കും. മുഖക്കുരു, ചർമ്മത്തിലെ ചുവപ്പ് നിറം എന്നിവ മാറി തിളക്കമുള്ള ചർമ്മം ലഭിക്കാൻ മധുരം ഉപേക്ഷിക്കുന്നത് നല്ലതാണ്. പഞ്ചസാര ഒഴിവാക്കുന്നത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കും. ഇത് ദഹനം സുഗമമാക്കുകയും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുകയും ചെയ്യുന്നു.
ചായയിലും കാപ്പിയിലും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കി കുടിച്ചു ശീലിക്കുന്നത് കലോറി കുറയ്ക്കാൻ സഹായിക്കും. പഴങ്ങൾ ജ്യൂസ് അടിക്കുമ്പോൾ അതിലെ ഫൈബറുകൾ നഷ്ടപ്പെടുകയും പ്രകൃതിദത്ത പഞ്ചസാരയുടെ അളവ് കൂടുകയും ചെയ്യുന്നു. അതിനാൽ പഴങ്ങൾ നേരിട്ട് കഴിക്കുന്നതാണ് ഉത്തമം.
പുറത്തുനിന്ന് വാങ്ങുന്ന ഭക്ഷണസാധനങ്ങളുടെ ലേബൽ പരിശോധിച്ച് അതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് ഉറപ്പുവരുത്തുക. കുറഞ്ഞ മധുരമുള്ള ബ്രാൻഡുകൾ തിരഞ്ഞെടുക്കാം. വിപണിയിൽ ലഭിക്കുന്ന എനർജി ഡ്രിങ്കുകളിൽ അമിതമായി പഞ്ചസാര ചേർക്കാറുണ്ട്. ഇവയ്ക്ക് പകരം കരിക്ക് പോലുള്ള പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുക.
What's Your Reaction?