റോയൽ എൻഫീൽഡ് ഗറില്ല 450 അപെക്സ് വിപണിയിൽ; പുതിയ അലുമിനിയം ഹാൻഡിൽ ബാറും സ്പോർട്ടിയർ ലുക്കും
പുതിയ അലുമിനിയം ഹാൻഡിൽ ബാറാണ് ഈ മോഡലിലെ പ്രധാന ആകർഷണം
ന്യൂഡൽഹി: പ്രശസ്ത ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ജനപ്രിയ മോഡലായ ഗറില്ല 450-യുടെ പുതിയ പതിപ്പായ 'അപെക്സ്' (Apex) വിപണിയിലിറക്കി. സ്ട്രീറ്റ് ഫോക്കസ്ഡ് മോട്ടോർസൈക്കിളായ ഗറില്ലയുടെ സ്പോർട്ടിയർ ലുക്കിലുള്ള ഈ വകഭേദത്തിനൊപ്പം 'ഡാഷ്' വേരിയന്റിലും കമ്പനി പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്.
പുതിയ ഡിസൈൻ മാറ്റങ്ങളോടെ എത്തുന്ന അപെക്സ് വേരിയന്റ് റെഡ്, ബ്ലാക്ക്, ഗ്രീൻ എന്നിങ്ങനെ മൂന്ന് ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. ഇതിൽ റെഡ് ഷേഡിന് 2,49,194 രൂപയും ബ്ലാക്ക്, ഗ്രീൻ ഓപ്ഷനുകൾക്ക് 2,56,387 രൂപയുമാണ് എക്സ് ഷോറൂം വില.
പുതിയ അലുമിനിയം ഹാൻഡിൽ ബാറാണ് ഈ മോഡലിലെ പ്രധാന ആകർഷണം. ഇത് ബൈക്കിന് കൂടുതൽ സ്പോർട്ടിയായ റൈഡിംഗ് ലുക്ക് നൽകുന്നു. മുൻവശത്ത് ചെറിയ ഫ്ലൈസ്‌ക്രീൻ, റിയർ കൗൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അപെക്സ് റെഡ്, അപെക്സ് ബ്ലാക്ക്, അപെക്സ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഇത് ലഭിക്കും.
മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് അപെക്സ് എത്തുന്നത്. 40 hp കരുത്തും 40 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 450 സിസി ഷെർപ്പ എഞ്ചിൻ. ആറ് സ്പീഡ് ഗിയർബോക്സ്, മുൻവശത്ത് 310 mm ഡിസ്കും പിന്നിൽ 270 mm ഡിസ്കും. സുരക്ഷയ്ക്കായി ഡ്യുവൽ ചാനൽ എബിഎസ് (ABS) പിന്തുണയുമുണ്ട്.
ഗറില്ല 450-യുടെ ഡാഷ് ട്രിമ്മിലും കമ്പനി ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഹെഡ്‌ലാമ്പ് ഗ്രിൽ, നക്കിൾ ഗാർഡുകൾ എന്നിവ ഇപ്പോൾ സ്റ്റാൻഡേർഡായി ലഭിക്കും. കൂടാതെ, പരിഷ്കരിച്ച ടയർ കോമ്പൗണ്ട് വഴി വരണ്ട റോഡുകളിൽ 8 ശതമാനവും നനഞ്ഞ റോഡുകളിൽ 17 ശതമാനവും അധിക ഗ്രിപ്പ് വാഗ്ദാനം ചെയ്യുന്നു.
What's Your Reaction?