'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ ആർ. അശ്വിൻ

വൈഭവിന്റെ പ്രകടനത്തെ അഭിനന്ദിക്കുമ്പോഴും, ഇത്ര ചെറിയ പ്രായത്തിൽ തന്നെ താരത്തിന് മേൽ വലിയ സമ്മർദ്ദം അടിച്ചേൽപ്പിക്കരുതെന്ന് അശ്വിൻ വ്യക്തമാക്കി

Mar 31, 2026 - 19:23
Mar 31, 2026 - 19:23
 0
'അവൻ വളരട്ടെ,ആർക്കാണ് ഇത്ര ധൃതി?'; വൈഭവിന്റെ ദേശിയ ടീം പ്രവേശനത്തിനെതിരെ ആർ. അശ്വിൻ

ഗുവാഹത്തി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രാജസ്ഥാൻ റോയൽസിനായി വൈഭവ് സൂര്യവംശി നടത്തിയ വെടിക്കെട്ട് പ്രകടനം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. വെറും 15 പന്തിൽ അർധ സെഞ്ച്വറി തികച്ച ഈ 15-കാരനെ ഉടൻ തന്നെ ഇന്ത്യൻ ദേശീയ ടീമിലെടുക്കണമെന്ന വാദവുമായി പല ക്രിക്കറ്റ് വിദഗ്ധരും രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ പങ്കുവെച്ചത്.

വൈഭവിന്റെ പ്രകടനത്തെ അഭിനന്ദിക്കുമ്പോഴും, ഇത്ര ചെറിയ പ്രായത്തിൽ തന്നെ താരത്തിന് മേൽ വലിയ സമ്മർദ്ദം അടിച്ചേൽപ്പിക്കരുതെന്ന് അശ്വിൻ വ്യക്തമാക്കി. വൈഭവ് ഒരു അസാധാരണ പ്രതിഭയാണെന്നും ഭാവിയിൽ ഉറപ്പായും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈഭവ് ഇപ്പോഴും ഒരു കുട്ടിയാണെന്നും അവനെ സ്വാഭാവികമായ രീതിയിൽ വളരാൻ അനുവദിക്കണമെന്നും അശ്വിൻ പറഞ്ഞു. ഇത്തരം വലിയ ലക്ഷ്യങ്ങൾ ഇപ്പോൾ തന്നെ അവന്റെ മുന്നിൽ വെക്കുന്നത് ഗുണകരമാകില്ല. എം.എസ് ധോണിക്ക് 45-ാം വയസ്സിലും ക്രിക്കറ്റ് കളിക്കാമെങ്കിൽ വൈഭവിനും നീണ്ട കാലം മുന്നിലുണ്ട്. ചുരുങ്ങിയത് 25 വർഷത്തെ കരിയറെങ്കിലും അവശേഷിക്കുന്ന അവന് വേണ്ടി എന്തിനാണ് ഇപ്പോൾ തിടുക്കം കാണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

15 വയസ്സിൽ 15 പന്തിൽ അർധ സെഞ്ച്വറി നേടിയത് ചെറിയ കാര്യമല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള എല്ലാ ഗുണങ്ങളും അവനുണ്ട്, പക്ഷേ അത് കൃത്യസമയത്ത് സംഭവിക്കട്ടെ എന്നും അശ്വിൻ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ അർധ സെഞ്ച്വറികളിലൊന്നാണ് വൈഭവ് കുറിച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഐപിഎൽ കളിക്കുന്ന താരം എന്ന റെക്കോർഡിന് പിന്നാലെയാണ് ബാറ്റിംഗിലും വൈഭവ് വിസ്മയിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow