മമ്മൂട്ടി-മോഹൻലാൽ ചിത്രം 'പേട്രിയറ്റ്' റിലീസ് മാറ്റി; ഏപ്രിൽ 23-ന് ചിത്രം എത്തില്ല
ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി നാളെ (ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നേരിട്ട് പ്രഖ്യാപിക്കും
കൊച്ചി: മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' കാണാനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുന്നു. നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23-ന് ചിത്രം തീയേറ്ററുകളിൽ എത്തില്ലെന്ന് നിർമ്മാതാവ് ആന്റോ ജോസഫ് ഔദ്യോഗികമായി അറിയിച്ചു. സാങ്കേതികമായ കാരണങ്ങളാലും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലവുമാണ് റിലീസ് തീയതിയിൽ മാറ്റം വരുത്തേണ്ടി വന്നതെന്ന് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ നിർമ്മാതാവ് വ്യക്തമാക്കി.
ചിത്രത്തിന്റെ പുതുക്കിയ റിലീസ് തീയതി നാളെ (ബുധനാഴ്ച) വൈകിട്ട് 6 മണിക്ക് മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നേരിട്ട് പ്രഖ്യാപിക്കും. മികച്ച നിലവാരത്തിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണെന്നും അതുകൊണ്ടാണ് റിലീസ് കുറച്ചു ദിവസത്തേക്ക് മാറ്റിയതെന്നും നിർമ്മാതാവ് അറിയിച്ചു.
മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ വമ്പൻ താരനിരയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്: ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ഗ്രേസ് ആന്റണി.
What's Your Reaction?