3,000 രൂപ ക്ഷേമ പെൻഷൻ, സൗജന്യ എൽ.പി.ജി, എയിംസ് യാഥാർഥ്യമാക്കും; എൻ.ഡി.എ പ്രകടനപത്രിക പുറത്തിറക്കി
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.വി. രാജേഷ്, മറ്റ് ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
തിരുവനന്തപുരം: വികസിത കേരളം എന്ന ലക്ഷ്യത്തോടെയുള്ള ഒട്ടേറെ ജനക്ഷേമ വാഗ്ദാനങ്ങൾ ഉൾപ്പെടുത്തി എൻ.ഡി.എ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനാണ് പത്രിക പ്രകാശനം ചെയ്തത്.
സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വി.വി. രാജേഷ്, മറ്റ് ഘടകകക്ഷി നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പാവപ്പെട്ട കുടുംബങ്ങൾക്കും കർഷകർക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന വികസന പദ്ധതികളാണ് പത്രികയിലെ പ്രധാന ആകർഷണം.
പാവപ്പെട്ട കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 2,500 രൂപ റീചാർജ് ഉള്ള 'ഭക്ഷ്യ ആരോഗ്യ സുരക്ഷാ കാർഡ്' നൽകും. ക്ഷേമ പെൻഷൻ 3,000 രൂപയായി ഉയർത്തും. ഓണത്തിനും ക്രിസ്മസിനും പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകും. ഓരോ വീടിനും 20,000 ലിറ്റർ സൗജന്യ കുടിവെള്ളം ഉറപ്പാക്കും.
കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കും. ആയുഷ്മാൻ ഭാരത് പദ്ധതി എല്ലാ മലയാളികൾക്കും ലഭ്യമാക്കും. ഓരോ നിയമനത്തിനും ഒരു ലക്ഷം രൂപ വരെ കുറഞ്ഞ പലിശയിൽ ലോൺ ലഭ്യമാക്കുന്ന 'എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം' നടപ്പിലാക്കും.
കേരളത്തിൽ അതിവേഗ റെയിൽ ശൃംഖല സ്ഥാപിക്കും. പിന്തുണ ആവശ്യമുള്ള എല്ലാ വിളകൾക്കും താങ്ങുവില ഉറപ്പാക്കും. ഓരോ കോർപ്പറേഷനെയും സാമ്പത്തിക വികസന കേന്ദ്രങ്ങളാക്കി മാറ്റാൻ പ്രത്യേക വികസന പദ്ധതികൾ ആവിഷ്കരിക്കും. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തും.
What's Your Reaction?