ഐബി ഉദ്യോഗസ്ഥയുടെ മരണം: സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗക്കേസ്

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. ഇതുസംബന്ധിച്ച് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് പേട്ട പൊലീസ് കേസെടുത്തത്.
ഇയാൾക്കെതിരെ തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിട്ടുണ്ട്. യുവതിയെ കൊച്ചി, ചെന്നൈ എന്നിവിടങ്ങളിൽ കൊണ്ടുപോയെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. യുവതി ലൈംഗിക അതിക്രമം നേരിട്ടതിനുള്ള തെളിവുകൾ കഴിഞ്ഞദിവസം കുടുംബം ഉദ്യോഗസ്ഥയ്ക്ക് കൈമാറിയിരുന്നു. ലൈംഗികാതിക്രമം നേരിട്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളടക്കമാണ് കൈമാറിയത്.
യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായും പിതാവ് ആരോപിച്ചിരുന്നു. എട്ടുമാസമായി ശമ്പളം മുഴുവൻ സുകാന്ത് തട്ടിയെടുത്തെന്നാണ് അദ്ദേഹം ആരോപിച്ചത്. ഇതുസംബന്ധിച്ച് ഐബി, എഡിജിപി, പേട്ട പൊലീസ്, കൂടൽ പൊലീസ് എന്നിവിടങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്.
അതേസമയം, ഇന്നലെ മുൻകൂർ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒളിവിൽ കഴിയവേയാണ് സുകാന്ത് ജാമ്യാപേക്ഷ നൽകിയത്. കേസിൽ താൻ നിരപരാധിയാണെന്നും ഉദ്യോഗസ്ഥയുടെ മരണത്തിൽ പങ്കില്ലെന്നുമാണ് സുകാന്ത് ജാമ്യാപേക്ഷയിൽ പറയുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 24നാണ് യുവതിയെ പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപം ട്രെയിൻ ഇടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സുകാന്തുമായി എട്ടുമിനിട്ടോളം ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
What's Your Reaction?






