യുവനടിയെ പീഡിപ്പിച്ച കേസ്; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ
മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള നീക്കങ്ങൾക്കിടയിലാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്
കൊച്ചി: യുവനടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. ഇന്നലെ രാത്രിയോടെയാണ് നാടകീയമായ നീക്കങ്ങൾക്കൊടുവിൽ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മുൻകൂർ ജാമ്യാപേക്ഷ നൽകാനുള്ള നീക്കങ്ങൾക്കിടയിലാണ് പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിന് പിന്നാലെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
പോലീസ് നടപടി വേഗത്തിലാകുമെന്ന് മനസ്സിലാക്കിയ രഞ്ജിത്ത്, അഭിഭാഷകരുടെ നിർദ്ദേശപ്രകാരം സ്വന്തം വാഹനം ഉപേക്ഷിച്ച് സഹപ്രവർത്തകന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ പോലീസ് ഈ നീക്കം മുൻകൂട്ടി കണ്ട് അദ്ദേഹത്തെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സംഭവം നടന്ന ദിവസം ഷൂട്ടിംഗ് സെറ്റിലുള്ളവർക്ക് ഈ കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നടി പരാതിയുമായി മുന്നോട്ട് പോകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു അന്ന് രഞ്ജിത്ത്.
റോൾ നൽകാത്തതിലുള്ള വൈരാഗ്യം മൂലമാണോ പരാതി നൽകിയതെന്ന് പോലീസ് വിശദമായി പരിശോധിച്ചു. എന്നാൽ ചിത്രത്തിൽ നടിക്ക് പ്രധാന വേഷമാണ് നൽകിയിരുന്നതെന്നും അവരുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചു കഴിഞ്ഞിരുന്നുവെന്നും പോലീസ് കണ്ടെത്തി. ഇതോടെ വ്യാജ ആരോപണത്തിനുള്ള സാധ്യത തള്ളിക്കളഞ്ഞു.
സെറ്റിലുണ്ടായിരുന്നവരിൽ നിന്നും പരാതിക്കാരിൽ നിന്നും ശേഖരിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കൃത്യമായ പഴുതടച്ചാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ ഉടൻ സമർപ്പിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സാക്ഷികളെ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
What's Your Reaction?