വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി; സിലിണ്ടറിന് 195.50 രൂപ വർദ്ധിച്ചു; ഹോട്ടൽ മേഖലയ്ക്ക് കനത്ത തിരിച്ചടി
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഏകദേശം 50 ശതമാനത്തോളം വർദ്ധിച്ചതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. 19 കിലോ സിലിണ്ടറിന് 195 രൂപ 50 പൈസയാണ് എണ്ണക്കമ്പനികൾ വർദ്ധിപ്പിച്ചത്. പുതിയ നിരക്കുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഊർജ്ജ വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതും ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം നിലച്ചതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഏകദേശം 50 ശതമാനത്തോളം വർദ്ധിച്ചതാണ് ഇന്ത്യയിലും പ്രതിഫലിച്ചത്.
കേരളത്തിൽ ഒരു വാണിജ്യ സിലിണ്ടറിന്റെ പുതിയ വില 2092 രൂപയായി ഉയർന്നു. ഡല്‍ഹിയിൽ പുതുക്കിയ വില 2,078.50 രൂപ, മുംബൈയിൽ സിലിണ്ടറിന് 2,031 രൂപ, മിനി സിലിണ്ടർ 5 കിലോയുടെ സിലിണ്ടറുകൾക്ക് 51 രൂപ വർദ്ധിച്ചു.
വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോ സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ മാറ്റമില്ല. മാർച്ചിൽ ഇതിന് 60 രൂപ വർദ്ധിപ്പിച്ചിരുന്നു. മാർച്ചിൽ 114.5 രൂപ വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വൻ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. എൽപിജി വിലയിൽ വലിയ മാറ്റങ്ങളുണ്ടായെങ്കിലും രാജ്യത്തെ പെട്രോൾ, ഡീസൽ നിരക്കുകളിൽ നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്.
കടുത്ത എൽപിജി ക്ഷാമത്തിനൊപ്പം വില കൂടി വർദ്ധിച്ചത് ഹോട്ടലുകൾ, ചെറുകിട വ്യവസായ സ്ഥാപനങ്ങൾ എന്നിവയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഇത് ഹോട്ടൽ ഭക്ഷണസാധനങ്ങളുടെ വില വർദ്ധനവിനും കാരണമായേക്കാം.
What's Your Reaction?