പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു; ആറ് പേർ കസ്റ്റഡിയിൽ

മർദ്ദനമേറ്റ ഉടൻ തന്നെ യുവാവ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു

Apr 1, 2026 - 12:26
Apr 1, 2026 - 12:26
 0
പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു; ആറ് പേർ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. പ്ലൈവുഡ് കമ്പനിയിൽ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരമായ മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് അസം സ്വദേശികളായ ആറ് അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മരിച്ച യുവാവും അസം സ്വദേശിയാണെന്നാണ് പ്രാഥമിക സൂചന. മർദ്ദനമേറ്റ ഉടൻ തന്നെ യുവാവ് സംഭവസ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികൾ ജോലിക്ക് കയറുന്ന സമയത്ത് തങ്ങളുടെ മൊബൈൽ ഫോണുകൾ ഒരു ബോക്സിൽ സൂക്ഷിക്കാറാണ് പതിവ്. 

ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ രണ്ട് പേരുടെ ഫോണുകൾ കാണാനില്ലായിരുന്നു. ഈ സമയത്ത് കമ്പനി പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ തൊഴിലാളികൾ തടഞ്ഞുവെച്ചു. ഫോൺ മോഷ്ടിച്ചത് ഇയാളാണെന്ന് ആരോപിച്ച് ആറംഗ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാവ് മരിച്ചതോടെ തൊഴിലാളികൾ തന്നെ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ആറ് പേരെയും കസ്റ്റഡിയിലെടുത്തു. 

യുവാവിനെ തല്ലിക്കൊന്നതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കാണാതായ മൊബൈൽ ഫോണുകൾ കമ്പനി പരിസരത്തുനിന്ന് തന്നെ ലഭിച്ചു. കൊല്ലപ്പെട്ട യുവാവിൻ്റെ പക്കൽ ഫോണുകൾ ഉണ്ടായിരുന്നില്ലെന്ന് ഇതോടെ വ്യക്തമായി. കസ്റ്റഡിയിലുള്ള പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മരിച്ചയാളുടെ കൃത്യമായ വിലാസം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow