ഫയർഫോഴ്‌സിൽ റീൽസ് ചിത്രീകരണത്തിന് കർശന നിയന്ത്രണം; ലംഘിച്ചാൽ വകുപ്പുതല നടപടി
കോഴിക്കോട്: യൂണിഫോം ധരിച്ചും ഔദ്യോഗിക വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചും റീൽസുകൾ ചിത്രീകരിക്കുന്നതിന് ഫയർഫോഴ്‌സ് ജീവനക്കാർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ പ്രത്യേക നിർദേശം പുറപ്പെടുവിച്ചു. ഉത്തരവ് ലംഘിച്ച് സാമൂഹിക മാധ്യമങ്ങൾക്കായി റീൽസ് ചിത്രീകരിക്കുന്ന സേനാംഗങ്ങൾക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി. എന്നാൽ, ഫയർഫോഴ്സിന്റെ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വിവരങ്ങൾ അറിയിക്കുന്നതിനുമുള്ള ഔദ്യോഗിക റീൽസുകൾ ചിത്രീകരിക്കുന്നതിന് വിലക്കില്ല.
വകുപ്പിലെ ചില ജീവനക്കാർ യൂണിഫോം ധരിച്ച് വ്യാപകമായി റീൽസ് ചിത്രീകരിക്കുന്നതിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഫയർഫോഴ്സിന്റെ വാഹനങ്ങളും ഉപകരണങ്ങളും ദുരുപയോഗം ചെയ്ത്, വകുപ്പിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന രീതിയിലുള്ള വിഡിയോകൾ നിർമ്മിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ എല്ലാ ജീവനക്കാരും ബാധ്യസ്ഥരാണെന്നും ഡയറക്ടർ ജനറൽ ഓർമ്മിപ്പിച്ചു.
What's Your Reaction?

