മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ക്രൂരത; വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

Jun 25, 2026 - 12:57
Jun 25, 2026 - 12:57
 0
മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ ക്രൂരത; വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

  മുംബൈ:     മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ലോക്കൽ ട്രെയിനിൽ വെച്ച് 21കാരനായ യുവാവിനെ സഹയാത്രികൻ കുത്തിക്കൊലപ്പെടുത്തി. ചർച്ച് ഗേറ്റ് - നൽസെപാറ ഫാസ്റ്റ് ലോക്കൽ ട്രെയിനിന്റെ ഫസ്റ്റ് ക്ലാസ് കമ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. മായങ്ക് ലൊഹാർ എന്ന യുവാവാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ശക്തമായ മഴയെത്തുടർന്ന് ട്രെയിനിന്റെ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ചെറിയൊരു തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.

ട്രെയിൻ ഗൊറേഗാവിനും കന്തിവാലിക്കും ഇടയിൽ എത്തിയപ്പോഴാണ് മായങ്കും മറ്റൊരു യാത്രക്കാരനായ റോഷൻ സുവർണയും തമ്മിൽ വാതിൽ അടയ്ക്കുന്നതിനെച്ചൊല്ലി വാക്കുതർക്കമുണ്ടായത്. തർക്കം മൂർച്ഛിച്ചതോടെ പ്രകോപിതനായ റോഷൻ, തന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മായങ്കിനെ ക്രൂരമായി കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മായങ്ക് ട്രെയിനിൽ വെച്ച് തന്നെ മരണപ്പെട്ടു. അക്രമത്തിന് ശേഷം കത്തിയുമായി നിൽക്കുന്ന പ്രതിയെയും ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന മറ്റ് യാത്രക്കാരെയും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഒളിവിൽ പോയ പ്രതി റോഷൻ സുവർണയെ പിന്നീട് മുംബൈയിലെ കുർലയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട മായങ്കിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

What's Your Reaction?

like

dislike

love

funny

angry

sad

wow