മദ്യനികുതി ഇളവ് പിൻവലിക്കണം, പിഎം ശ്രീ പദ്ധതി കേരളം ഉപേക്ഷിക്കണം; സർക്കാരിനെ വിമർശിച്ച് കാന്തപുരം
കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച സംസ്ഥാന സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ ആവശ്യപ്പെട്ടു. മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന നടപടികൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമസ്തയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ടൗൺഹാളിൽ നടന്ന സ്ഥാപകദിന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് "കുരങ്ങന് ഏണി വച്ചുകൊടുക്കുന്നതിന് തുല്യമാണെന്ന്" കാന്തപുരം വിമർശിച്ചു. മദ്യത്തിന്റെ വില കുറയുന്നത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് സഹായകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യനിരോധനത്തിലേക്കാണ് സർക്കാർ നീങ്ങേണ്ടതെന്നും കാന്തപുരം പറഞ്ഞു.
ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് സമസ്തയുടെ പിന്തുണയുണ്ടാകുമെന്നും, ജനോപകാരപ്രദമായ സർക്കാർ നടപടികളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയെയും കാന്തപുരം വിമർശിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തെ തകിടംമറിക്കുന്ന പദ്ധതിയാണ് പിഎം ശ്രീയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇരുമുന്നണികളും ഈ പദ്ധതിയെ എതിർത്തിരുന്നുവെന്നും, ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും മുഖം നോക്കാതെ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ തന്നെ പിഎം ശ്രീ പദ്ധതിക്കെതിരെ നിലവിലെ സർക്കാരും നിലപാട് സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുകയാണെന്നും കാന്തപുരം പറഞ്ഞു.
പ്രസംഗത്തിനിടെ സമസ്തയുമായി ബന്ധപ്പെട്ട തന്റെ ആദ്യകാല അനുഭവങ്ങൾ പങ്കുവെച്ച കാന്തപുരം വികാരാധീനനായി. ഇ.കെ. അബൂബക്കർ മുസല്യാരാണ് തന്നെ സമസ്തയിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം ഓർത്തെടുത്തു. പിന്നീട് ചിലർ തങ്ങളെയും അബൂബക്കർ മുസല്യാരെയും അകറ്റിയെന്നും, അഭിപ്രായവ്യത്യാസങ്ങൾ സൃഷ്ടിച്ചത് ചിലരുടെ വളർച്ചയ്ക്കായിരുന്നുവെന്നും അദ്ദേഹം പരാമർശിച്ചു.
സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസല്യാർ അധ്യക്ഷത വഹിച്ചു. അലി ബാഫഖി തങ്ങൾ പ്രാർഥനയ്ക്ക് നേതൃത്വം നൽകി. ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, പൊന്മള അബ്ദുൽഖാദർ മുസല്യാർ, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
What's Your Reaction?



