ഒരു കാരണവശാലും കൊടുക്കില്ല’; സഭയിൽ മുഖ്യമന്ത്രിയെ ചതിച്ച് മൈക്ക്, വിവാദമായി പരാമർശം

Jun 25, 2026 - 19:11
Jun 25, 2026 - 19:12
 0
ഒരു കാരണവശാലും കൊടുക്കില്ല’; സഭയിൽ മുഖ്യമന്ത്രിയെ ചതിച്ച് മൈക്ക്, വിവാദമായി പരാമർശം

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമർശം മൈക്കിലൂടെ പുറത്തുവന്നത് വിവാദമായി. കുട്ടനാട് എംഎൽഎ റെജി ചെറിയാൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് സഭയിൽ ചർച്ചയായത്.

ജൂൺ 29-ന് നടക്കുന്ന മൂലം വള്ളംകളി ദിനത്തിൽ കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നായിരുന്നു റെജി ചെറിയാന്റെ ആവശ്യം. വിഷയത്തിൽ സർക്കാർ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി.

എന്നാൽ മറുപടി നൽകിയ ശേഷം സീറ്റിൽ ഇരുന്ന മുഖ്യമന്ത്രി "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് പറയുന്നത് മൈക്കിലൂടെ പുറത്തുവന്നതായാണ് പ്രചരിക്കുന്ന വീഡിയോയിൽ കേൾക്കുന്നത്. ഇതോടെയാണ് സംഭവം രാഷ്ട്രീയ വിവാദമായത്.

വിഷയം ഏറ്റെടുത്ത് പ്രതിപക്ഷ അംഗങ്ങൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിപിഐഎം നേതാവും എംഎൽഎയുമായ കെ യു ജനീഷ് കുമാർ വിമർശനം ഉന്നയിച്ചു. അംഗത്തിന്റെ ചോദ്യത്തിന് തയ്യാറാക്കിയ മറുപടി പറയുകയും പിന്നീട് യഥാർഥ നിലപാട് പുറത്തുവരികയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പരിഹാസം.

സംഭവത്തിൽ പ്രതികരണവുമായി റെജി ചെറിയാനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പരാമർശം തനിക്ക് വിഷമമുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. പ്രചരിക്കുന്ന വീഡിയോ യഥാർഥമാണോയെന്ന് മുഖ്യമന്ത്രിയോട് നേരിട്ട് ചോദിക്കുമെന്നും വ്യക്തമാക്കി.

കുട്ടനാടിന്റെ താത്പര്യം മുൻനിർത്തിയാണ് അവധി ആവശ്യപ്പെട്ടതെന്നും, അത് വ്യക്തിപരമായ ആവശ്യമല്ലെന്നും റെജി ചെറിയാൻ പറഞ്ഞു. കുട്ടനാടിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ മൂലം വള്ളംകളിയുടെ പ്രാധാന്യം സർക്കാർ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാരിന്റെ ഭാഗമായാണ് മൂലം വള്ളംകളി സംഘടിപ്പിക്കപ്പെടുന്നതെന്നും, അതിനാൽ ദിനത്തിന് ഔദ്യോഗിക അംഗീകാരം ലഭിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും എംഎൽഎ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow