അക്രമവാസനയും കൊലപാതക പരമ്പരയും അവസാനിപ്പിക്കണം; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

അക്രമവാസനയും കുറ്റകൃത്യങ്ങൾക്കുള്ള ത്വരയും അവസാനിപ്പിക്കുന്നതി് സർക്കാർ തലത്തിൽ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യണം

Feb 28, 2025 - 19:35
Feb 28, 2025 - 19:35
 0  4
അക്രമവാസനയും കൊലപാതക പരമ്പരയും അവസാനിപ്പിക്കണം; സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: അടുത്ത കാലത്തായി സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമവാസനകളും കൊലപാതക പരമ്പരകളും അമർച്ച ചെയ്യുന്നതിനും മൂല്യച്യുതിയും അരക്ഷിതാവസ്ഥയും അവസാനിപ്പിക്കുന്നതിനുമായി ആഭ്യന്തരം, വിദ്യാഭ്യാസം, റവന്യു, സാംസ്കാരികം വകുപ്പുകളുടെ തലവൻമാരുമായി കൂടിയാലോചിച്ച് ചീഫ് സെക്രട്ടറി സത്വരനടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.

അക്രമവാസനയും കുറ്റകൃത്യങ്ങൾക്കുള്ള ത്വരയും അവസാനിപ്പിക്കുന്നതിനായി സർക്കാർ തലത്തിൽ ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യണമെന്നും കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.  ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ .സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി രണ്ടുമാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം.

പ്രണയമില്ലാതെ പ്രാപിക്കുകയും വിശപ്പില്ലാതെ കൊല്ലുകയും ചെയ്യുന്ന ഇരുകാലിമൃഗമാണ് ആധുനികമനുഷ്യനെന്ന കവിയുടെ വാക്കുകൾ അന്വർഥമായി തീർന്നതായി കെ. ബൈജുനാഥ് പറഞ്ഞു.  'സഹജീവികളെയും ഉറ്റവരെയും ഉന്മൂലനം ചെയ്യാൻ മടിയില്ലാത്ത തലമുറ ആശങ്കയായി മാറുന്നു. ഇത് നിയമവാഴ്ചയെ തകിടം മറിക്കുകയും സമാധാനപൂർണമായ മനുഷ്യവാസം ഇല്ലാതാക്കുകയും ചെയ്യും.  മനുഷ്യനിൽ അന്തർലീനമായ മൃഗീയവാസനകളെ ശോഷിപ്പിക്കുന്ന ഒരു സാഹചര്യം ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു.  യുവാക്കളിൽ അക്രമവാസനയും കുറ്റകൃത്യപ്രേരണയും വർധിപ്പിക്കുന്നതിനുള്ള ഘടകങ്ങൾ സമൂഹത്തിൽ സജീവമാണ്.  അക്രമത്തിനും കൊലപാതകത്തിനും പ്രാധാന്യം നൽകുന്ന സിനിമകൾക്ക് കിട്ടുന്ന സ്വീകാര്യത പരിശോധിക്കപ്പെടണം.  ബന്ധങ്ങൾക്ക് ഊന്നൽ നൽകുന്ന സിനിമകളെക്കാൾ മറ്റ് സിനിമകൾക്ക് കൂടുതൽ വിജയം ലഭിക്കുന്നതിനെ കുറിച്ച് സിനിമാ പ്രവർത്തകർ ഗൗരവമായി ചിന്തിക്കണം'.

ലഹരിയുടെ ഉപയോഗത്തിനൊപ്പം ജയിക്കാനായി എതിരാളികളെ കൊന്നൊടുക്കുന്ന വീഡിയോ ഗെയിമുകൾ യുവതലമുറയിൽ ചെലുത്തുന്ന സ്വാധീനവും പരിശോധിക്കപ്പെടണം. കുടുംബം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, മതസംഘടനകൾ എന്നിവക്ക് വളർന്നുവരുന്ന സാമൂഹികവിപത്തിനെ തടയുന്നതിൽ വലിയ പങ്കു വഹിക്കാനുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു.  മുഴുവൻ രാഷ്ട്രീയ, യുവജന, സാംസ്കാരിക സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി മാനവികതയെ പരിപോഷിപ്പിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow