താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

Mar 1, 2025 - 07:45
Mar 1, 2025 - 07:49
 0  6
താമരശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: വിദ്യാർഥികൾ തമ്മിൽ നടന്ന സംഘട്ടനത്തിൽ തലയ്ക്കു പരുക്കേറ്റ വിദ്യാർഥി മരിച്ചു. കോഴിക്കോട് താമരശ്ശേരിയിലെ ട്യൂഷൻ സെന്‍ററിലെ വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) ആണ് മരിച്ചത്.

പരിക്കേറ്റ് അതീവഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു ഷഹബാസ്. ഇന്ന് പുലർച്ചെ ഒന്നിനാണ് മരിച്ചത്. ഞായറാഴ്ച ട്യൂഷൻ സെന്‍ററിലെ  യാത്രയയപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി വ്യാഴാഴ്ച വൈകിട്ട് ടൗണിൽ വിദ്യാർഥികൾ ഏറ്റുമുട്ടുകയായിരുന്നു.

എംജെ ഹയർ സെക്കൻഡറി സ്കൂൾ കുട്ടികൾ ഡാൻസ് കളിക്കുമ്പോൾ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ ഏതാനും വിദ്യാർഥികൾ കൂകിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനുപകരം വീട്ടാൻ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി കൂടുതൽ കുട്ടികളെ വിളിച്ചുവരുത്തിയാണ് അടിക്കാൻ എത്തിയത്. ട്യൂഷൻ സെന്‍റർ വിദ്യാർഥി അല്ലാത്ത ഷഹബാസിനെ സുഹൃത്താണ് വീട്ടിൽനിന്ന് കൂട്ടിക്കൊണ്ടുപോയതെന്നു പിതാവ് പറഞ്ഞു. പുറമേ കാര്യമായ പരുക്കുകളൊന്നും ഇല്ലാതിരുന്ന ഷഹബാസ് രാത്രി ഛർദിച്ചതോടെയാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ആരോഗ്യനില വഷളായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താമരശ്ശേരി സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളായ അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow