രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ്; എട്ടുപേർക്കെതിരെ എഫ്ഐആർ, രണ്ടുപേർ അറസ്റ്റിൽ

Jun 25, 2026 - 22:12
Jun 25, 2026 - 22:12
 0
രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ്; എട്ടുപേർക്കെതിരെ എഫ്ഐആർ, രണ്ടുപേർ അറസ്റ്റിൽ

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ കാണിക്കയായി നൽകിയ പണം വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ടുപേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസുമായി ബന്ധപ്പെട്ട് അനുകൽപ് മിശ്ര, ലവകുഷ് മിശ്ര എന്നിവർ അറസ്റ്റിലായി. മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ഡ്രൈവറായ രാംശങ്കർ മിശ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണാനുള്ള ചുമതലയുള്ള ജീവനക്കാരാണെന്നാണ് റിപ്പോർട്ട്.

എട്ട് പ്രതികളും പണം തട്ടിയെടുക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞതായി അന്വേഷണസംഘം കണ്ടെത്തി. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് നടപടി ഉണ്ടായത്. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

ജൂൺ 13-ന് കാണിക്ക കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ലക്നൗ ഡിവിഷനൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ലക്നൗ റേഞ്ച് ഐജി എസ്. കിരൺ, ധനകാര്യ സ്പെഷൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരും അംഗങ്ങളായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow