പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിൽ; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിലും പേർഷ്യൻ ഗൾഫിലും യുഎസ് വ്യോമാക്രമണം
തെഹ്റാൻ: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ്റെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങൾക്ക് നേരെ യുഎസ് വ്യോമാക്രമണം. ഹോർമൂസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും അമേരിക്കൻ യുദ്ധവിമാനങ്ങൾ ശക്തമായ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിക്കുമ്പോൾ, തങ്ങളുടെ സൈന്യത്തിനും വാണിജ്യ കപ്പലുകൾക്കും ഭീഷണിയായ ഇറാൻ്റെ നാല് ആക്രമണ ഡ്രോണുകൾ വെടിവെച്ചിട്ടതായും സ്വയംരക്ഷാർത്ഥമാണ് ഇതെന്നുമാണ് അമേരിക്കൻ വാദം. ദക്ഷിണ ഇറാനിലെ പ്രമുഖ തുറമുഖ നഗരമായ ബന്ദർ അബ്ബാസ് വിമാനത്താവളത്തിന് സമീപമുള്ള ഡ്രോൺ ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും യുഎസ് തകർത്തതായാണ് വിവരം. ഇതിന് തിരിച്ചടിയായി മേഖലയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ്റെ റെവല്യൂഷണറി ഗാർഡും സ്ഥിരീകരിച്ചിട്ടുണ്ട്.
മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയർന്നതോടെ ആഗോള വിപണിയിൽ എണ്ണവില ഒറ്റയടിക്ക് വർദ്ധിച്ചു. വ്യാഴാഴ്ച രാവിലെ വ്യോമാക്രമണ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 2 ശതമാനത്തോളം (ബാരലിന് 1.90 ഡോളർ) ഉയർന്ന് 96.19 ഡോളറിലെത്തി. സമാധാന ചർച്ചകളിലൂടെ എണ്ണവില കുറയുമെന്ന ലോകവിപണിയുടെ പ്രതീക്ഷകൾക്കാണ് പുതിയ സംഘർഷം തിരിച്ചടിയായത്.
അതിനിടെ, ഇറാനുമായി ചേർന്ന് ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം പങ്കിടാൻ നീക്കം നടത്തുന്നുവെന്ന ആരോപണത്തിന്മേൽ ഇറാൻ്റെ അയൽരാജ്യവും യുഎസ് സഖ്യകക്ഷിയുമായ ഒമാനെതിരെ കടുത്ത ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിൽ നടന്ന ക്യാബിനറ്റ് യോഗത്തിൽ സംസാരിക്കവെ, ഹോർമൂസ് കടലിടുക്കിൻ്റെ നിയന്ത്രണം ആരും ഏറ്റെടുക്കേണ്ടതില്ലെന്നും മറ്റ് രാജ്യങ്ങളെപ്പോലെ അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന ട്രംപിൻ്റെ കർക്കശ നിലപാടും ഇരുവിഭാഗവും വെടിനിർത്തൽ ലംഘിച്ച് നടത്തുന്ന വ്യോമാക്രമണങ്ങളും പശ്ചിമേഷ്യൻ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
What's Your Reaction?



