ചെന്നൈ: വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് മഹീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൺ മുരുഗൻ എന്നിവരുടെ ബെഞ്ചാണ് സ്‌റ്റേ ഉത്തരവിട്ടത്. സെൻസർ ബോർഡിന്റെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജനുവരി 21നാണ് ഇനി ഹർജി പരിഗണിക്കുക എന്നും കോടതി വ്യക്തമാക്കി.
സെൻസർ സർട്ടിഫിക്കറ്റിൽ തീരുമാനമെടുക്കാൻ മതിയായ സമയം നൽകിയില്ലെന്ന് കാണിച്ചാണ് സ്റ്റേ അനുവദിച്ചത്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ചിത്രം പൊങ്കൽ റിലീസായി തിയേറ്ററിലെത്തില്ലെന്നാണ് റിപ്പോർട്ട്.