"കൈകാലുകൾ കെട്ടപ്പെട്ട ജീവിതം; പുറത്തുപറയാൻ ഭയമായിരുന്നു"; വെളിപ്പെടുത്തി ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ്
പല മഠങ്ങളിലും സമാനമായ അനുഭവങ്ങൾ നേരിടുന്ന മറ്റുള്ളവരുണ്ടെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിക്ക് പിന്നാലെ താനും സഹപ്രവർത്തകരും നേരിടുന്ന കടുത്ത ഒറ്റപ്പെടുത്തലുകളെക്കുറിച്ച് അതിജീവിത സിസ്റ്റർ റാണിറ്റ് തുറന്നുപറയുന്നു. കൈകാലുകൾ കെട്ടപ്പെട്ട നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും സഭയ്ക്കകത്തെ നീതി നിഷേധമാണ് തങ്ങളെ തെരുവിലിറക്കിയതെന്നും സിസ്റ്റർ വ്യക്തമാക്കി.
പരാതി നൽകിയതിന് പിന്നാലെ നേരിട്ട കടുത്ത ഒറ്റപ്പെടുത്തലുകൾ കാരണം മൂന്ന് കന്യാസ്ത്രീകൾക്ക് സഭ വിട്ടുപോകേണ്ടി വന്നു. നിലവിൽ മഠത്തിൽ അവശേഷിക്കുന്ന മൂന്ന് പേർ തയ്യൽ ജോലി ചെയ്താണ് ഉപജീവനം കണ്ടെത്തുന്നത്.
13 തവണ പീഡിപ്പിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ആദ്യം മിണ്ടിയില്ല എന്ന ചോദ്യത്തിന് മറുപടിയായി, 'ചാരിത്ര്യ ശുദ്ധി' നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന സാമൂഹിക അപമാനത്തെ ഭയന്നാണെന്ന് സിസ്റ്റർ പറഞ്ഞു. 'മഠം ചാടി' എന്ന പേര് തനിക്കും കുടുംബത്തിനും നാണക്കേടുണ്ടാക്കുമെന്ന് കരുതിയാണ് എല്ലാം ഉള്ളിലൊതുക്കി ജീവിച്ചത്.
പല മഠങ്ങളിലും സമാനമായ അനുഭവങ്ങൾ നേരിടുന്ന മറ്റുള്ളവരുണ്ടെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു. ബിഷപ്പിനെ സഹായിക്കാൻ മഠത്തിൽ ചില കന്യാസ്ത്രീകൾ ഉണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു. പണം കിട്ടാത്തതിനാലാണ് പരാതി നൽകിയതെന്ന ആരോപണം തെറ്റാണ്. ഫ്രാങ്കോയിൽ നിന്നോ രൂപതയിൽ നിന്നോ ഒരു രൂപ പോലും താൻ കൈപ്പറ്റിയിട്ടില്ലെന്നും തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കാൻ ബിഷപ്പ് ശ്രമിച്ചതായും അവർ വെളിപ്പെടുത്തി. സഭാനേതൃത്വത്തിൽ നിന്ന് നീതി ലഭിക്കാത്തതിനാലാണ് നിയമപോരാട്ടത്തിന് ഇറങ്ങേണ്ടി വന്നതെന്ന് സിസ്റ്റർ റാണിറ്റ് അഭിമുഖത്തിൽ വ്യക്തമാക്കി.
What's Your Reaction?

