ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചു. പഞ്ചകോശി പരിക്രമ എന്ന് അടയാളപ്പെടുത്തിയിട്ടുള്ള വിശുദ്ധപ്രദേശങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മാംസാഹാരം വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ 'ശുദ്ധി' ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് അവകാശവാദം. പ്രദേശത്തെ ഹോം സ്റ്റേ , ഹോട്ടലുകൾ എന്നിവയ്ക്ക് മാംസാഹാരം വിളമ്പരുതെന്ന് നിർദ്ദേശം നൽകി. കൂടാതെ ഓൺ ലൈൻ പ്ലാറ്റ്ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നത് തടയാൻ ഹോട്ടലുകൾക്കും ഡെലിവറി കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.
നിര്‍ദേശം പൂര്‍ണ്ണമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള 'രാം പഥ്' പാതയിൽ മദ്യവും മാംസാഹാരവും വിൽപന നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.
ഇതിന് ശേഷവും മദ്യവിൽപ്പന പൂർണമായും നടപ്പാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.തുടർന്നാണ് ശക്തമായ തീരുമാനവുമായി ഭരണകൂടം രംഗത്തെത്തിയത്.